നേപ്പാൾ വിമാനാപകടം : പൊ​ഖാ​റ വിമാനത്താവളത്തിൽ ലാൻഡിംഗ് ഗൈഡൻസ് സിസ്‌റ്റമില്ല  വിമാനത്താവളം നിർമ്മിച്ചത് ചൈനീസ് സഹായത്താൽ

Saturday 21 January 2023 2:44 AM IST

കാഠ്മണ്ഡു : നേ​പ്പാ​ളി​ൽ​ അഞ്ച് ഇന്ത്യക്കാരുൾപ്പെടെ 72 പേരുടെ മരണത്തിനിടയാക്കിയ യതി​ എ​യ​ർ​ലൈ​ൻ​സ് വി​മാ​നം ലാൻഡ് ചെയ്യേണ്ടിയിരുന്ന പൊ​ഖാ​റ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡിംഗ് ഗൈഡൻസ് സിസ്റ്റം പ്രവർത്തിച്ചിരുന്നില്ലെന്ന് റിപ്പോർട്ട്. കഴിഞ്ഞ ഞായറാഴ്ച വിമാനത്താവളത്തിൽ ലാൻഡിംഗിന് പത്ത് സെക്കന്റുകൾക്ക് മുമ്പാണ് ഇരട്ട എൻജിൻ എ.ടി.ആർ - 72 വിമാനം സേ​തി​ ന​ദി​യു​ടെ​ ക​ര​യി​ൽ​ കു​ന്നു​ക​ൾ​ക്കി​ട​യി​ലുള്ള ഗ​ർ​ത്ത​ത്തി​ൽ തകർന്ന് വീ​ണ​ത്. ചൈനീസ് സഹായത്തോടെ നിർമ്മിച്ച പൊ​ഖാ​റ വിമാനത്താവളം അപകടത്തിന് 15 ദിവസങ്ങൾ മുന്നേയാണ് തുറന്നുകൊടുത്തത്. വിമാനങ്ങൾ റൺവെയിൽ സുരക്ഷിതമായി ഇറങ്ങാൻ സഹായിക്കുന്നതാണ് ലാൻഡിംഗ് ഗൈഡൻസ് സിസ്റ്റം അഥവാ ഇൻസ്ട്രമെന്റ് ലാൻഡിംഗ് സിസ്റ്റം. കാഴ്ചാ സംബന്ധമായ തടസങ്ങൾ നേരിടുന്ന പൈലറ്റുമാരെ ചുറ്റുപാടുമായുള്ള സമ്പർക്കം നിലനിറുത്താൻ ഈ സംവിധാനം സഹായിക്കുന്നു. ഫെബ്രുവരി 26 വരെ വിമാനത്താവളത്തിൽ ലാൻഡിംഗ് ഗൈഡൻസ് സിസ്റ്റം ഉണ്ടാകില്ലെന്ന് നേപ്പാൾ സിവിൽ ഏവിയേഷൻ അതോറിറ്റി വക്താവ് അന്താരാഷ്ട്ര വാർത്ത ഏജൻസിയോട് പ്രതികരിച്ചു. അയൽരാജ്യമായ ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ് ഇൻഫ്രാസ്ട്രക്ചർ പദ്ധതിയുടെ സഹായത്തോടെയാണ് നേപ്പാൾ പൊ​ഖാ​റ വിമാനത്താവളം നിർമ്മിച്ചത്. 2016ലാണ് ടൂറിസ്റ്റ് നഗരമായ പൊഖാറയിൽ വിമാനത്താവള നിർമ്മാണത്തിന് കുറഞ്ഞ പലിശയോട് കൂടിയ 215.96 മില്യൺ ഡോളറിന്റെ വായ്പാ കരാറിൽ നേപ്പാളും ചൈനയും ഒപ്പിട്ടത്. അപകട സമയം മോശം കാലാവസ്ഥയോ ആകാശത്ത് കാഴ്ചാ തടസമോ ഇല്ലെന്ന് കണ്ടെത്തിയിരുന്നു. ലാൻഡിംഗ് റൺവേ 3ൽ നിന്ന് റൺവേ 1ലേക്ക് മാറ്റാൻ അപകടത്തിന് മുന്നേ പൈലറ്റ് ആവശ്യപ്പെട്ടെന്നും ഇതിന് അനുമതി നൽകിയെന്നും പൊ​ഖാ​റ എയർപോർട്ട് വക്താക്കൾ പറഞ്ഞിരുന്നു. ലാൻഡിംഗ് ഗൈഡൻസ് സിസ്റ്റത്തിന്റെ അഭാവം അപകടത്തിന് കാരണമായിട്ടുണ്ടാകാമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. നിലവിൽ വിമാനത്തിലെ സാങ്കേതിക തകരാറോ പൈലറ്റിന്റെ പിഴവോ ആണ് അപകടത്തിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. പർവതങ്ങളാൽ നിറഞ്ഞ നേപ്പാളിലെ ഭൂപ്രകൃതി പൈലറ്റുമാരുടെ കാഴ്ചയ്ക്ക് തടസം സൃഷ്ടിക്കുന്നത് പ്രധാന വെല്ലുവിളിയാണ്. അതേ സമയം, തകർന്ന വി​മാ​നത്തിന്റെ ബ്ലാക്ക് ബോക്സും (ഫ്ലൈറ്റ് ഡേറ്റ റെക്കാഡർ) കോക്‌പിറ്റ് വോയ്‌സ് റെക്കാഡറും സൈന്യം കണ്ടെത്തിയിരുന്നു. ബ്ലാക്ക് ബോക്സ് ഫ്രാൻസിലും കോക്‌പിറ്റ് വോയ്‌സ് റെക്കാഡർ നേപ്പാളിലും പരിശോധിക്കും. ഇതിന്റെ ഫലങ്ങൾ ലഭിക്കുന്നതോടെ അപകട കാരണം വ്യക്തമാകും.