ഇലന്തൂർ നരബലി കേസ്; രണ്ടാമത്തെ കൊലപാതകത്തിൽ കുറ്റപത്രം ഇന്ന് സമർപ്പിക്കും
കൊച്ചി: ഇലന്തൂരിൽ റോസ്‌ലിയെ കൊലപ്പെടുത്തിയ നരബലി കേസിലെ കുറ്റപത്രം ഇന്ന് സമർപ്പിക്കും. കേസിൽ സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും ശക്തമാണെന്ന് എറണാകുളം റൂറൽ എസ് പി പറഞ്ഞു. പെരുമ്പാവൂർ കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുന്നത്. നരബലിക്കായി തമിഴ്നാട് സ്വദേശിനി പത്മയെ കൊലപ്പെടുത്തിയ കേസിൽ ഈ മാസം ആറിന് കുറ്റപത്രം സമർപ്പിച്ചിരുന്നു.
കാലടിയിൽ ലോട്ടറി വിൽപനക്കാരിയായിരുന്ന റോസ്‌ലിയെ 2022 ജൂൺ എട്ട് മുതലാണ് കാണാതാകുന്നത്. റോസ്‌ലിയെ ഷാഫി തട്ടിക്കൊണ്ടു പോയി ഇലന്തൂരിൽ ഭഗവത് സിംഗിൻറെ വീട്ടിലെത്തിച്ച് നരബലിക്കായി കൊലപ്പെടുത്തി. തുടർന്ന് മനുഷ്യമാംസം പാകം ചെയ്ത് കഴിച്ചുവെന്നും ശരീരഭാഗങ്ങൾ കഷണങ്ങളാക്കി കുഴിച്ച് മൂടുകയും ചെയ്തുവെന്നാണ് കേസ്. മൂവായിരത്തോളം പേജുകളുള്ള കുറ്റപത്രമാണ് പ്രത്യേക അന്വേഷണ സംഘം തയ്യാറാക്കിയിരിക്കുന്നത്.
തമിഴ്നാട് സ്വദേശിനി പത്മയെ രണ്ടാമത് കൊലപ്പെടുത്തിയതാണെങ്കിലും ആദ്യം അന്വേഷണം പൂർത്തിയാക്കിയ കേസ് എന്ന നിലക്കാണ് പത്മ കേസിൽ ആദ്യം കുറ്റപത്രം സമർപ്പിച്ചത്. റോസ്‌ലി തിരോധാനം അന്വേഷിക്കുന്നതിൽ കാലടി പൊലീസിൻറെ ഭാഗത്ത് വീഴ്ച സംഭവിച്ചിരുന്നു. പിന്നീട് എറണാകുളം റൂറൽ എസ്‌പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷിച്ചത്. ഈ കേസിൽ എറണാകുളം നഗരത്തിൽ നിന്നും പത്മയുടെ തിരോധാനമാണ് വഴിത്തിരിവായത്. പത്മ കേസിൽ പ്രതികളുടെ വെളിപ്പെടുത്തലാണ് ഞെട്ടിക്കുന്ന ആദ്യ നരബലിയിലേക്ക് എത്തുന്നത്. റോസ്‌ലി കേസിലും മുഹമ്മദ് ഷാഫി, ഭഗവൽ സിംഗ് ഭാര്യ ലൈല എന്നിവരാണ് പ്രതികൾ.