സായാഹ്നം അടിച്ചുപൊളിക്കാം കളത്തിൽക്കടവിലേക്ക് പോരൂ.

Sunday 22 January 2023 12:31 AM IST

കോട്ടയം . ചുറ്റും പാടശേഖരവും നീലാശാകാശത്തിന്റെ പ്രതിബിംബം ഏറ്റുവാങ്ങി ഒഴുകുന്ന കൊടൂരാറും ഇവയുടെ മദ്ധ്യത്തിലൂടെ നീണ്ടുകിടക്കുന്ന വാക്ക് വേ. നഗരത്തിലെ തിരക്കുകൾക്ക് വിടപറഞ്ഞ് പ്രകൃതിരമണീയമായ കാഴ്ച ഒരുക്കി കാത്തിരിക്കുകയാണ് കളത്തിൽക്കടവ്. പനച്ചിക്കാട് പഞ്ചായത്തിലെ കഞ്ഞിക്കുഴി കൊല്ലാട് റൂട്ടിലാണ് ഈ വിശ്രമകേന്ദ്രം സ്ഥിതി ചെയ്യുന്നത്. സായാഹ്നങ്ങൾ ചെലവഴിക്കുന്നതിന് നിരവധി ആളുകൾ ഇവിടെ എത്താറുണ്ട്. കൊടൂരാറിന് കുറുകെ നീളത്തിൽ പരന്നു സ്ഥിതി ചെയ്യുന്ന കളത്തിൽക്കടവ് പാലമാണ് മറ്റൊരു ആകർഷണം. പാലത്തിന് മുകളിൽ നിന്ന് കണ്ണിന് കുളിർമയേകുന്ന തരത്തിൽ പാടശേഖരങ്ങൾ, ചെറിയ തോട്, തോട്ടുവരമ്പ്, മോട്ടോർപ്പുര, തണൽ മരങ്ങൾ തുടങ്ങിയവ സ്ഥിതി ചെയ്യുന്നുണ്ട്. നീളത്തിൽ പരന്നു കിടക്കുന്ന ചുവപ്പ് നിറത്തിലുള്ള ഇൻർലോക്ക് നടപ്പാതയിലൂടെ ഇളംകാറ്റേറ്റ് നടക്കാം. ചെറുകിട ജലസേചന വിഭാഗത്തിന്റെ കീഴിലാണ് കളത്തിൽക്കടവ് ഗസ്റ്റ് ഹൗസ് ലിങ്ക് റോഡ് നിർമ്മിച്ചത്. ഇതാണ് വാക്കിംഗ് പാതയായി ഉപയോഗിക്കുന്നത്.

സൊറ പറഞ്ഞ് ചൂണ്ടയിടാം.

ഫോട്ടോഷൂട്ടിനും പറ്റിയ ഇടമാണിത്. റോഡിന് അരികിലെ കുറ്റികളാണ് സഞ്ചാരികളുടെ ഇരിപ്പിടം. ചൂണ്ടയിടീലുകാരുടെ ഇഷ്ടകേന്ദ്രമാണിവിടം. നൂതന ചൂണ്ടകളും നാടൻ ചൂണ്ടകളുമായി മീൻ പിടിക്കുന്നതിന് പ്രായഭേദമന്യേ ആളുകൾ എത്തുന്നു. സഞ്ചാരികൾക്ക് കാഴ്ച വിരുന്നൊരുക്കി ആമ്പൽ വസന്തവുമുണ്ട്.

Advertisement
Advertisement