കൊല്ലത്ത് മകളോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്‌തതിന് മദ്യപസംഘം മർദിച്ചു; പിതാവ് ജീവനൊടുക്കി

Saturday 21 January 2023 4:53 PM IST

കൊല്ലം: മകളോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തതിന് മദ്യപ സംഘം മർദിച്ച പിതാവ് ജീവനൊടുക്കി. കൊല്ലം ആയൂരിലാണ് സംഭവം. ആയൂർ സ്വദേശി അജയകുമാറാണ് ജീവനൊടുക്കിയത്. കഴിഞ്ഞ ബുധനാഴ്ച ട്യൂഷൻ കഴിഞ്ഞ് മകളെയും കൂട്ടി വീട്ടിലേക്ക് പോകുന്നതിനിടയിൽ നാലംഗ സംഘം അജയകുമാറിനെയും മകളെയും അസഭ്യം പറഞ്ഞിരുന്നു.

മകളെ വീട്ടിൽ കൊണ്ടുവിട്ട് തിരികെപ്പോയി മദ്യപസംഘത്തെ അജയകുമാർ ചോദ്യം ചെയ്തു. ഇതോടെ അവർ ക്രൂരമായി മർദിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ കണ്ണിനും മുഖത്തും പരിക്കേറ്റു. പൊലീസിൽ പരാതി നൽകാൻ ബന്ധുക്കൾ ആവശ്യപ്പെട്ടെങ്കിലും നാലംഗ സംഘം പ്രതികാരം ചെയ്യുമോ എന്ന് ഭയന്ന് അതിന് തയ്യാറായില്ല. ഇതിനുപിന്നാലെയാണ് അജയകുമാറിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.


മദ്യപസംഘം മർദിച്ചതിൽ മനംനൊന്താണ് അജയകുമാർ ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ ആരോപിച്ചു. ഈ സംഭവമുണ്ടായതിന് ശേഷം അദ്ദേഹം ഭക്ഷണം കഴിച്ചിരുന്നില്ലെന്നും പുറത്തിറങ്ങിയിരുന്നില്ലെന്നും ഭാര്യ പറഞ്ഞു. അതേസമയം, ആരാണ് അജയകുമാറിനെ മർദിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്നും, നിലവിൽ പരാതിയൊന്നും കിട്ടിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു.