കന്നുകാലികളിൽ ചർമ്മമുഴ പടരുന്നു. വാക്സിൻ വിതരണം എന്ന് തുടങ്ങും.

Sunday 22 January 2023 12:05 AM IST

കോട്ടയം . കന്നുകാലികളിൽ ചർമ്മമുഴ (ലംഫി സ്‌കിൻ ഡിസീസ്) വ്യാപകമാകുമ്പോഴും വാക്സിൻ വിതരണം അനിശ്ചിതത്വത്തിൽ. ജില്ലയിൽ 67000 പശുക്കൾക്കുള്ള ഡോസ് എത്തിച്ചിട്ടുണ്ടെങ്കിലും വിതരണം ആരംഭിച്ചിട്ടില്ല. ഒരു ദിവസം 25 പശുക്കൾക്കാണ് ഡോസെടുക്കേണ്ടത്. ലൈഫ് സ്റ്റോക്ക് ഇൻസ്‌പെക്ടർമാർക്കാണ് ഇതിന്റെ ചുമതല. നാലുമണിക്കൂറിനുള്ളിൽ പൂർത്തിയാക്കണം. വാഹനസൗകര്യം, ഹെൽപ്പർ തുടങ്ങിയ സൗകര്യങ്ങളും വേണം. എന്നാൽ, ഫണ്ടിന്റെ അപര്യാപ്തതയെ തുടർന്ന് വേണ്ട സൗകര്യങ്ങൾ ക്രമീകരിക്കാൻ സാധിക്കാത്തതാണ് വാക്‌സിനേഷൻ നിലയ്ക്കാൻ കാരണമെന്ന് ജില്ലാ വെറ്റിനറി സർജൻ ഷാജി പണിക്കശേരി പറഞ്ഞു. സൗകര്യങ്ങൾ അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി ലൈഫ് സ്റ്റോക്ക് ഇൻസ്‌പെക്ടർമാർ സമരത്തിലുമാണ്.

ക്ഷീരമേഖലയുടെ നിലനിൽപ്പ് വെല്ലുവിളി. രോഗം വ്യാപകമാകുമ്പോഴും അധികൃതർ നിസംഗത പുലർത്തുന്നത് ക്ഷീരമേഖലയുടെ നിലനിൽപ്പിന് വെല്ലിവിളിയാകുമെന്ന് കർഷകർ പറയുന്നു. സംസ്ഥാനത്ത് ഇതുവരെ 36000 പശുക്കൾക്ക് ചർമ്മമുഴ സ്ഥിരീകരിച്ചു. രോഗം ബാധിച്ച 2000 പശുക്കൾ നിലവിൽ ചികിത്സയിലുണ്ട്. 200 പശുക്കൾ മരിച്ചു. ഭൂരിഭാഗം ജില്ലകളിലെയും കന്നുകാലികളിൽ രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ചർമ്മമുഴ എന്ന രോഗാവസ്ഥ.

വസൂരി ഇനത്തിൽപ്പെട്ട വൈറസുകൾ മൂലം കന്നുകാലികളിൽ വരുന്ന രോഗമാണ് ചർമ്മമുഴ. ചർമ്മം മുഴുവൻ ചെറിയ മുഴകൾ രൂപപ്പെട്ട് വ്രണമായി തീരുകയും അവയുടെ പാൽ ഉത്പാദനത്തെയും പ്രത്യുത്പാദനത്തെയും ബാധിക്കുകയും ചെയ്യും. അസുഖബാധയുള്ള കന്നുകാലികളെ കൊതുക്, ഈച്ച, ചെള്ള്, മറ്റു പ്രാണികൾ തുടങ്ങിയവ കടിക്കുന്നത് മൂലം മറ്റ് കന്നുകാലികളിലേക്കും രോഗം വ്യാപിക്കും.