പൊലീസിനെ ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

Sunday 22 January 2023 1:09 AM IST

വർക്കല: മകൻ അമ്മയെ ഉപദ്രവിക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അന്വേഷിക്കാനെത്തിയ പൊലീസുകാരനെ മകൻ മർദ്ദിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് ഇടവ പയറ്റുവിള സുജിത്ത് ഭവനിൽ ഷൈജുവിനെ (38) അയിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി 9ഓടെയായിരുന്നു സംഭവം.

ഇടവ മാന്തറ പ്രദേശത്ത് അടിപിടി നടക്കുന്ന വിവരമറിഞ്ഞ് സ്റ്റേഷനിൽ നിന്ന് അന്വേഷിക്കാനായി പൊലീസ് പോകുന്ന വഴിയാണ് അമ്മയെ മകൻ ക്രൂരമായി മർദ്ദിക്കുന്ന വിവരവും ലഭിച്ചത്. തുടർന്ന് പൊലീസ് സംഘം സുജിത്ത് ഭവനിൽ എത്തിയപ്പോഴാണ് കിടപ്പ് രോഗി കൂടിയായ സുധർമ്മിണിയുടെ മകൻ ഷൈജു സംഘത്തിലുണ്ടായിരുന്ന അയിരൂർ സ്റ്റേഷനിലെ മയ്യനാട് പുണർതം വീട്ടിൽ സജീവിനെ അസഭ്യം വിളിക്കുകയും കൈയേറ്റം ചെയ്തതും. നെഞ്ചിലും കഴുത്തിലും പരിക്കേറ്റ സജീവ് വർക്കല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.