ഇലന്തൂർ നരബലി:പ്രതികൾ മനുഷ്യമാംസം ഭക്ഷിച്ചെന്ന്

Sunday 22 January 2023 1:52 AM IST

ആലുവ: ഇലന്തൂർ നരബലിയിൽ കൊല്ലപ്പെട്ട റോസിലിയുടെയും മാംസം പ്രതികൾ പാചകം ചെയ്ത് കഴിച്ചതായി കോടതിയിൽ സമർപ്പിച്ച 3,000 പേജുള്ള രണ്ടാം കുറ്റപത്രത്തിലും വ്യക്തമാക്കുന്നു.കാലടി മറ്റൂരിൽ താമസിച്ചിരുന്ന ഇടുക്കി സ്വദേശി റോസിലിയെ (49) കൊലപ്പെടുത്തിയ കേസിന്റെ കുറ്റപത്രമാണ് പെരുമ്പാവൂർ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നാലിൽ ഇന്നലെ സമർപ്പിച്ചത്.

വാഴപ്പിള്ളി മുഹമ്മദ് ഷാഫി (52), പത്തനംതിട്ട ഇലന്തൂർ കടകംപള്ളി വീട്ടിൽ ഭഗവൽ സിംഗ് (67), ഭാര്യ ലൈല (58) എന്നിവരാണ് ഈ കുറ്റപത്രത്തിലും പ്രതികൾ. കൂട്ട മാനഭംഗം, തട്ടിക്കൊണ്ടുപോകൽ, കുറ്റകരമായ ഗൂഢാലോചന, മനുഷ്യക്കടത്ത്, മൃതദേഹത്തോടുള്ള അനാദരം, മോഷണം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളും ചുമത്തിയിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി വിവേക്‌ കുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.200ലധികം സാക്ഷിമൊഴികളും 60ഓളം മഹസറുകളും 130ലധികം രേഖകളും കൊലയ്‌ക്കുപയോഗിച്ച കത്തികളും വാഹനങ്ങളുമടക്കം 50ഓളം തൊണ്ടിമുതലുകളും കുറ്റപത്രത്തിന്റെ ഭാഗമാണ്.

ഏതാനും അസ്ഥിക്കഷണങ്ങൾ മാത്രമായിരുന്നു റോസ്‌ലിയുടെ മൃതദേഹ ഭാഗമായി ശേഷിച്ചിരുന്നത്. ഇലന്തൂരിൽ പണയം വച്ച റോസിലിയുടെ സ്വർണ മോതിരവും ആലപ്പുഴ എ.സി കനാലിൽ എറിഞ്ഞ മൊബൈൽഫോണും പൊലീസ് വീണ്ടെടുത്തിരുന്നു. കാലടി പൊലീസ് രജിസ്റ്റർചെയ്ത കേസിലെ അന്വേഷണം അഡിഷണൽ പൊലീസ് സൂപ്രണ്ട് ടി. ബിജി ജോർജിന്റെ നേതൃത്വത്തിലാണ് പൂർത്തിയാക്കിയത്.

പത്മയെ കൊലപ്പെടുത്തിയതിന് കടവന്ത്ര പൊലീസ് രജിസ്റ്റർചെയ്ത ആദ്യ കേസിൽ ജനുവരി ആറിന് എറണാകുളം ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി എട്ടിൽ ആദ്യകുറ്റപത്രം സമർപ്പിച്ചിരുന്നു.