പാർട്ടി കോൺഗ്രസ് കൊടിമരം നീക്കിയില്ല: സി.പി.എമ്മിന് കണ്ണൂർ കോർപറേഷന്റെ നോട്ടീസ്,

Saturday 21 January 2023 10:15 PM IST

നേരത്തെ പിഴ ചുമത്തിയിരുന്നു

കണ്ണൂർ: പാർട്ടി കോൺഗ്രസിനായി സ്ഥാപിച്ച കൊടിമരം നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് സി.പി.എമ്മിന് കണ്ണൂർ കോർപറേഷന്റെ നോട്ടീസ്. ജവഹർ സ്റ്റേഡിയത്തിൽ നിന്ന് കൊടിമരം നീക്കം ചെയ്യണമെന്നാണ് കോർപറേഷന്റെ നിർദ്ദേശം.

പാർട്ടി കോൺഗ്രസ് കഴിഞ്ഞ് ഒമ്പത് മാസമായിട്ടും കൊടിമരം സ്റ്റേഡിയത്തിൽ നിന്ന് നീക്കം ചെയ്തിരുന്നില്ല. കൊടിമരം സ്റ്റേഡിയത്തിന്റെ ഒരു ഭാഗത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. സ്റ്റേഡിയം നവീകരണത്തിന് കൊടിമരം തടസ്സമാണെന്നാണ് കോർപറേഷൻ ആരോപിക്കുന്നത്.

കഴിഞ്ഞ വർഷം ഏപ്രിൽ ആറ് മുതൽ 10 വരെ സി.പി.എം പാർട്ടി കോൺഗ്രസ് സമ്മേളവുമായി ബന്ധപ്പെട്ട് ജനവഹർ സ്റ്റേഡിയം അനുവദിച്ച് നൽകിയിരുന്നു. എന്നാൽ, സ്റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ട് സ്ഥലപരിശോധന നടത്തിയതിൽ പാർട്ടി കോൺഗ്രസ് സമ്മേളനത്തിന് വേണ്ടി സ്ഥാപിച്ച് കൊടിമരം ഇപ്പോഴും ഗ്രൗണ്ടിൽ തന്നെ ഉപേക്ഷിക്കപ്പെട്ട നിലയിലാണെന്ന് കണ്ടെത്തി.

ഇതേ തുടർന്നാണ് കൊടിമരം നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് സി.പി.എമ്മിന് കണ്ണൂർ കോർപറേഷന്റെ നോട്ടീസ് നൽകിയത്. കണ്ണൂർ ജവഹർ സ്റ്റേഡിയം മലിനമാക്കിയെന്നാരോപിച്ച് സി.പി.എമ്മിന് കണ്ണൂർ കോർപ്പറേഷൻ നേരത്തെ പിഴയിട്ടിരുന്നു.