വിനോദ സഞ്ചാര കേന്ദ്രങ്ങൾ ശുചീകരിക്കുന്നു; തലശ്ശേരി മിനുങ്ങും

Saturday 21 January 2023 10:16 PM IST

തലശേരി :തലശേരി ഉത്തരവാദിത്ത ടൂറിസത്തിന്റെ ഭാഗമായി തലശ്ശേരിയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ ശുചീകരിക്കുന്ന പ്രവൃത്തി തുടങ്ങി. നഗരസഭയുടെ ഗ്രീൻ സിറ്റി ക്ലീൻ സിറ്റി പദ്ധതി പ്രകാരമാണ് പൈതൃക നഗരിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ശുചീകരിക്കുന്നത്. സഞ്ചാരികൾക്ക് മികച്ച അനുഭവങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ജവഹർ ഘട്ട്, തലശ്ശേരി കോട്ട എന്നിവയുടെ പരിസരം 250 പേർ ചേർന്ന് ശുചീകരിച്ചു. എസ്.പി.സി, സ്‌കൗട്ട്, ഗൈഡ്‌സ്, എൻ.എസ്.എസ് തുടങ്ങിയ വിവിധ ക്ലബ്ബുകളിലുള്ള വിദ്യാർത്ഥികൾ, നഗരസഭ ശുചീകരണ തൊഴിലാളികൾ, ആർക്കിയോളജിക്കൽ ജീവനക്കാർ, ഗ്രീൻ തലശ്ശേരി ഗ്രൂപ്പിലെ അംഗങ്ങൾ എന്നിവർ പങ്കാളികളായി. നഗരസഭയിലെ അഞ്ച് സ്‌കൂളുകൾക്ക് തലശ്ശേരി പൈതൃക കേന്ദ്രങ്ങൾ ശുചീകരിക്കാനുള്ള ചുമതല നൽകിയാണ് പദ്ധതി നടപ്പാക്കുന്നത്. താൽക്കാലികമായി നിർത്തിവെച്ച പദ്ധതി കഴിഞ്ഞ ദിവസം സബ് കളക്ടർ സന്ദീപ് കുമാറിന്റെ നേതൃത്വത്തിൽ നഗരസഭയിൽ ചേർന്ന യോഗത്തിലാണ് പുനരാരംഭിക്കാൻ തീരുമാനിച്ചത്. തലശ്ശേരി സെന്റ് ജോസഫ് എച്ച്.എസ്.എസ്, സേക്രട്ട് ഹാർട്ട് എച്ച്.എസ്.എസ്, ഗവ. ബ്രണ്ണൻ എച്ച്.എസ്.എസ്, തിരുവങ്ങാട് ഗേൾസ് എച്ച്.എസ്.എസ്, ചിറക്കര എച്ച്.എസ്എസ്, ഗവ ഗേൾസ് എച്ച്.എസ്.എസ്, ബി.ഇ.എം.പി എച്ച്.എസ്.എസ്, കൊടുവള്ളി എച്ച്.എസ്.എസ് എന്നീ സ്‌കൂളുകളിലെ വിദ്യാർത്ഥികളാണ് ശുചീകരണത്തിനിറങ്ങുന്നത്.

തലശ്ശേരി കോട്ടയ്ക്കടുത്ത് നടന്ന ചടങ്ങ് സബ് കളക്ടർ സന്ദീപ് കുമാർ ഉദ്ഘാടനം ചെയ്തു. നഗരസഭ അദ്ധ്യക്ഷ കെ.എം.ജമുന റാണി അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ഹെൽത്ത് സൂപ്പർവൈസർ പ്രമോദ്, അദ്ധ്യപകൻ ഹെൻട്രി എന്നിവർ പങ്കെടുത്തു.

'എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം "

എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം എന്ന സന്ദേശം കുട്ടികളിലൂടെ പ്രചരിപ്പിക്കുകയാണ് ലക്ഷ്യം. സ്പീക്കറും തലശ്ശേരി എം.എൽ.എയുമായ അഡ്വ.എ.എൻ. ഷംസീറിന്റെ നേതൃത്വത്തിലാണ് ഗ്രീൻ തലശ്ശേരി പദ്ധതി നടപ്പാക്കുന്നത്. ജനുവരി 28ന് തലശ്ശേരി കടൽപ്പാലം പരിസരത്തും ജനകീയ ശുചീകരണം നടത്തും. ജവഹർഘട്ട്, തലശ്ശേരി കോട്ട എന്നിവയുടെ സമീപപ്രദേശങ്ങളിൽ വൈദ്യുത വിളക്കുകൾ സ്ഥാപിക്കുകയും സൗന്ദര്യവത്ക്കരണ പ്രവൃത്തി നടത്തുകയും ചെയ്യും.