ബന്ധുക്കളായ രണ്ട് കുട്ടികൾ പൂയംകുട്ടി പുഴയിൽ മുങ്ങിമരിച്ചു
Sunday 22 January 2023 10:30 PM IST
കുട്ടമ്പുഴ: പൂയംകുട്ടി പുഴയിൽ ബന്ധുക്കളോടൊപ്പം കുളിക്കാൻ ഇറങ്ങിയ രണ്ട് കുട്ടികൾ ഒഴുക്കിൽപ്പെട്ട് മുങ്ങിമരിച്ചു. കുട്ടമ്പുഴ സ്വദേശി തട്ടായത്ത് വീട്ടിൽ അഷറഫിന്റെ മകൻ അലിമോൻ (17), ബന്ധു വണ്ണപ്പുറം കലയത്തിങ്കൽ വീട്ടിൽ ഷംസുദ്ദീന്റെ മകൻ ആബിദലി (13) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.
കുട്ടമ്പുഴയിൽ ഒരു ബന്ധുവിന്റെ വീടുകയറിത്താമസത്തിനെത്തിയ കുട്ടികളാണ് ദുരന്തത്തിൽപ്പെട്ടത്. കുട്ടികൾ മുങ്ങിത്താഴുന്നതുകണ്ട് കൂടെയുണ്ടായിരുന്നവർ ഉടനെ ആറ്റിൽ ഇറങ്ങി ഇരുവരെയും കരയ്ക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോതമംഗലം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ ഇന്ന് രാവിലെ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് കൈമാറും.