ഓപ്പറേഷൻ സുപ്പാരി: എട്ട് മോഷ്ടാക്കൾ പിടിയിൽ

Sunday 22 January 2023 1:44 AM IST

തിരുവനന്തപുരം: ഗുണ്ടകൾക്കെതിരെയും ക്രിമിനലുകൾക്കെതിരെയും നിയമനടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ഓപ്പറേഷൻ സുപ്പാരി പ്രകാരം സിറ്റി പൊലീസ് നടത്തിയ പരിശോധനയിൽ മെഡിക്കൽ കോളേജ്,​ കരമന,​ കഴക്കൂട്ടം,​ കിഴക്കേകോട്ട എന്നിവിടങ്ങളിൽ നിന്ന് എട്ട് മോഷ്ടാക്കളെ അറസ്റ്റുചെയ്തു.

മെഡിക്കൽ കോളേജ് ട്രാവൻകൂർ സ്‌കാൻസിന്റെ മുൻവശത്ത് നിന്നും ഫോർട്ട് പുത്തൻകോട്ട, ശിവക്ഷേത്രത്തിനു സമീപത്തുനിന്നും ബൈക്കുകൾ മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് കരമന നെടുങ്കാട് സ്വദേശികളായ രാകേഷ് കൃഷ്ണൻ (20), മണികണ്ഠൻ (20), ജിതിൻ (24) എന്നിവരെയാണ് മെഡിക്കൽകോളേജ് പൊലീസ് അറസ്റ്റുചെയ്തത്. മെഡിക്കൽ കോളേജ് ആശുപത്രിയിലെ അഞ്ചാം വാർഡിൽ രോഗിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ചതിന് ആലംകോട് തോട്ടയ്ക്കാട് സ്വദേശിയായ പ്രസന്നനെയും (55) പൊലീസ് അറസ്റ്റുചെയ്‌തു. കരമന മേലാറന്നൂർ എൻ.ജി.ഒ ക്വാർട്ടേഴ്സിലെ 04/37-ാംനമ്പർ ക്വാർട്ടേഴ്സിന് മുമ്പിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ച കേസിൽ കണ്ണൂർ കണ്ണങ്കാട് സ്വദേശിയായ മുഹമ്മദ് അഫ്സൽ (19) പൂജപ്പുര പൊലീസിന്റെ പിടിയിലായി. കഴക്കൂട്ടം മഹാദേവക്ഷേത്രത്തിലെ നാലമ്പലത്തിനകത്ത് സൂക്ഷിച്ചിരുന്ന 8000 രൂപയുടെ നിലവിളക്ക് മോഷ്ടിച്ച കേസിൽ പാങ്ങപ്പാറ റോസ് നഗർ കെ.കെ ഹൗസിൽ സനൽകുമാറിനെയും (48) കഴക്കൂട്ടം പൊലീസ് അറസ്റ്റുചെയ്‌തു.

കിഴക്കേക്കോട്ട ബസ് സ്റ്റാൻഡിൽ വച്ച് തമിഴ്നാട് സ്വദേശിയെ ഭീഷണിപ്പെടുത്തി പണം കവർന്ന കേസിൽ ബാലരാമപുരം തലയിൽ സ്വദേശിയായ മണികണ്ഠൻ (32), ചിറയിൻകീഴ് ശാർക്കര സ്വദേശി സക്കീർ എന്ന ഷഹീൻ (35) എന്നിവരെ ഫോർട്ട് പൊലീസും അറസ്റ്റുചെയ്‌തു. ക്രിമിനലുകൾക്കെതിരെ സിറ്റിയിലെ വിവിധ സ്റ്റേഷനുകൾ ഏകോപിപ്പിച്ച് രാത്രികാല പട്രോളിംഗും പരിശോധനയും ശക്തമാക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണ‍ർ പറഞ്ഞു.