താരങ്ങളുടെ ഗതി ഇതാണെങ്കിൽ...

Sunday 22 January 2023 12:00 AM IST

രാജ്യത്തിന്റെ കായിക രംഗത്ത് നടത്തുന്ന അത്യന്തം ഹീനമായ ചെയ്‌തികളുടെ തെളിവാണ് നീതി നേടി വനിതാ ഗുസ്തിതാരങ്ങൾ തലസ്‌ഥാനത്ത് നടത്തുന്ന സമരം. രാജ്യത്തിന് ഒളിമ്പിക് മെഡൽ ഉൾപ്പെടെ നേടിത്തന്ന പ്രഗത്ഭതാരങ്ങളുടെ ഗതി ഇതാണെങ്കിൽ രാജ്യത്ത് ഒരു സാധാരണ സ്ത്രീയ്‌ക്ക് ലഭിക്കുന്ന സുരക്ഷ എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ !

ഈ പ്രഗല്‌ഭതാരങ്ങൾ തെരുവിലിരുന്ന് യാചിച്ചിട്ട് വേണോ ഇത്രയും വലിയ ക്രിമിനൽ കുറ്റത്തിൽ പങ്കാളികളായവർക്കെതിരെ കേസെടുക്കാൻ. വമ്പന്മാർ ഉൾപ്പെടെയുള്ളവർക്കെതിരെ താരങ്ങൾ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ നിസാരമായി തള്ളുന്ന പ്രവണത സമൂഹത്തിന് എന്ത് സന്ദേശമാണ് നല്കുന്നത്? ഈ വാർത്ത കാണുന്ന മറ്റ് രാജ്യങ്ങൾക്ക് ഇന്ത്യയിലെ സ്ത്രീസുരക്ഷയെക്കുറിച്ച് ലഭിക്കുന്ന ചിത്രം എന്തായിരിക്കുമെന്ന് കൂടി ചിന്തിക്കുന്നത് നന്നായിരിക്കും. വികസനരംഗത്ത് വൻകുതിപ്പ് നടത്തുന്ന രാജ്യം സ്ത്രീസുരക്ഷയിൽ കാട്ടുന്ന ഗുരുതരമായ ഈ അനാസ്ഥ ഇനിയെങ്കിലും അവസാനിപ്പിക്കണം.

കൃഷ്‌ണപ്രിയ പ്രവീൺ

മൂവാറ്റുപുഴ

ഹെൽത്ത് കാർഡിനും

പാവങ്ങളെ പിഴിയുമോ?

ഞാനൊരു ഹോട്ടൽ തൊഴിലാളിയാണ്. ഹോട്ടലുകളിലെയും മറ്റും ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കാനുള്ള തീരുമാനത്തെക്കുറിച്ച് വാർത്തകൾ കണ്ടു. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി സർക്കാരിന്റെ ഈ തീരുമാനം മാതൃകാപരമാണെന്നതിൽ തർക്കമില്ല. എന്നാൽ ഹെൽത്ത് കാർഡ് സമ്പാദിക്കാൻ പാവപ്പെട്ട ജീവനക്കാർ സ്വന്തം വേതനത്തിൽനിന്ന് പണം മുടക്കേണ്ടിവരുന്നത് അത്യന്തം ആശങ്കയോടെയാണ് കേട്ടത്. കാരണം എന്നെ പോലുള്ള ലക്ഷക്കണക്കിന് പാവപ്പെട്ടവർ ഹോട്ടൽ തൊഴിലാളികളായി സംസ്ഥാനത്ത് ജോലി ചെയ്യുന്നുണ്ട്. ഭൂരിഭാഗവും ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനാണ് തുച്ഛമായ വരുമാനത്തിൽ ഈ രംഗത്ത് അത്യദ്ധ്വാനം ചെയ്യുന്നത്. അതിനാൽ ഹെൽത്ത് കാർഡിന്റെ ചെലവ് ഞങ്ങളുടെ തലയിൽ അടിച്ചേൽപ്പിക്കരുതെന്ന് അപേക്ഷിക്കുന്നു.

പവിത്രൻ കെ.വി

ആലുവ

വിഷം വില്‌ക്കുന്നവരെ

നിയന്ത്രിച്ചേ മതിയാകൂ

സംസ്ഥാനത്ത് ഭക്ഷ്യവിഷബാധ പെരുകുന്ന സാഹചര്യത്തിൽ ഹോട്ടലുകളിൽ മാത്രമല്ല. ചെറുകിട മത്സ്യമാംസ വ്യാപാര സ്ഥാപനങ്ങളിലും പാൽ, മുട്ട വില്പന കേന്ദ്രങ്ങളിലും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന കർശനമാക്കിയേ മതിയാകൂ. പല മുനിസിപ്പിലാറ്റി - കോർപ്പറേഷനുകളിലും ജീവനക്കാർക്ക് കൈക്കൂലി നല്കി വ്യാപാരികൾ ജനങ്ങളുടെ ജീവന് തന്നെയാണ് ഭീഷണിയുയർത്തുന്നത്.

മാർഗ നിർദേശങ്ങൾക്ക് അനുസരിച്ചുള്ള ശീതീകരണ സംവിധാനങ്ങളില്ലാതെ മത്സ്യവും മാംസവും വില്ക്കുന്ന വ്യാപാര സ്ഥാപനങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥർക്ക് അറിയാത്തതൊന്നുമല്ല, കൃത്യമായി പടി കിട്ടുന്നതുകൊണ്ട് കണ്ണടയ്‌ക്കുകയാണ്. ഇവരുടെ ഉത്പന്നങ്ങളിൽ ഏറെയും ഹോട്ടലുകാരാണ് വാങ്ങുന്നത്. അങ്ങനെ ഇരുകൂട്ടരും ചേർന്ന് സമൂഹത്തെയാകെ ചതിക്കുകയാണ്. പാലിലെ മാരകമായ മായത്തെക്കുറിച്ച് നാം കേട്ടല്ലോ. സംസ്ഥാനത്തെ സ്കൂൾ കുട്ടികൾ ഉൾപ്പെടെ പലപ്പോഴും മായംകലർന്ന പാലല്ലേ കുടിക്കേണ്ടി വരുന്നത്. സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷ അത്യന്തം അപകടകരമാണെന്ന് തിരിച്ചറിഞ്ഞ ഈ സാഹചര്യത്തിലെങ്കിലും അധികൃതർ ഉറക്കം വിട്ടുണരണം.

ഗോമതി സച്ചിദാനന്ദൻ

തേവലക്കര

Advertisement
Advertisement