പദ്മ രഞ്ജിത്തിന്റെ സെറാമിക് ആൻഡ് ഷുഗർ ഫ്ലവർ പ്രദർശനം ശ്രദ്ധേയമായി
Sunday 22 January 2023 12:11 AM IST
തിരുവനന്തപുരം: കവടിയാർ വിമൻസ് ക്ലബിൽ പദ്മ രഞ്ജിത്ത് സംഘടിപ്പിച്ച സെറാമിക് ആൻഡ് ഷുഗർ ഫ്ലവർ പ്രദർശനം ശ്രദ്ധേയമായി. നൂറ് കണക്കിന് പേരാണ് പ്രദർശനം കാണാനെത്തിയത്. മൂന്നൂറ് രൂപ മുതൽ ആറായിരം രൂപ വരെയുള്ള വ്യത്യസ്‌ത തരത്തിലുള്ള പൂക്കൾ പ്രദർശനത്തിൽ ഇടംപിടിച്ചിരുന്നു.
മുപ്പതിലേറെ വർഷമായി സെറാമിക് ആൻഡ് ഷുഗർ ഫ്ലവർ നിർമ്മാണരംഗത്ത് സജീവമായ പദ്‌മ രഞ്ജിത്ത് ഇരുപത് വർഷത്തിന് ശേഷമാണ് ഒരു പ്രദർശനം സംഘടിപ്പിച്ചത്. 2003ൽ ദുബായ് ഷോപ്പിംഗ് ഫെസ്‌റ്റിവലിലെ ട്രേഡ് സെന്ററിലായിരുന്നു ആദ്യ പ്രദർശനം.
അശ്വതി തിരുനാൾ ഗൗരിലക്ഷ്‌മി ബായിയാണ് പ്രദർശനം ഉദ്ഘാടനം ചെയ്‌തത്. നളിനി വിജയരാഘവൻ മുഖ്യാതിഥിയായി. സെറാമിക് ആൻഡ് ഷുഗർ ഫ്ലവർ നിർമ്മാണത്തിലും കേക്ക് ഡെക്കറേഷനിലും വർഷങ്ങളുടെ പാരമ്പര്യമുള്ള പദ്മ താല്പര്യമുള്ളവർക്ക് ക്ലാസെടുക്കാറുണ്ട്.