ഉപ്പിടാംമൂട് പാലം- ഓവർബ്രിഡ്ജ് റോ‌ഡിൽ പൊടി, കുഴി, മെറ്റൽ; തീരാത്ത ദുരിതയാത്ര

Sunday 22 January 2023 12:14 AM IST

കുഴികടക്കാതെ നഗരപാതകൾ (9)

തിരുവനന്തപുരം: സ്മാ‌ർട്ട് റോഡിനായി കുത്തിപ്പൊളിച്ചിട്ടിരിക്കുന്ന റോഡിലെ യാത്രകളിൽ നടുവൊടിഞ്ഞ് നഗരവാസികൾ. ജനങ്ങൾ ദുരിതമനുഭവിക്കുമ്പോൾ കരാറുകാരനെ മാറ്റിയ നഗരസഭയും സ്മാർട്ട് സിറ്റിയും പുതിയ കരാറുകാരനെ തിരഞ്ഞെടുക്കാതെ നെട്ടോട്ടമോടുകയാണ്. തലസ്ഥാന നഗരത്തിലെ ജനങ്ങൾ കൂടുതലായി ഉപയോഗിക്കുന്ന ഉപ്പിടാംമൂട്- ഓവർബ്രിഡ്ജ് റോഡിന്റെ കഥയും ഇതുതന്നെ. റോഡ് നിർമ്മാണം നിലച്ചിട്ട് 10 മാസം കഴിഞ്ഞെങ്കിലും അത് പുനരുജ്ജീവിപ്പിക്കാനുള്ള നടപടികൾ എങ്ങുമെത്തിയില്ല. റോഡിന്റെ മദ്ധ്യഭാഗത്ത് കുഴിച്ച ശേഷം ജോലികൾ പൂർത്തിയാക്കും മുൻപ് മൂടി. നിലവിൽ ഈ റോഡിൽ ഒരുവശം കുണ്ടുംകുഴിയും നിറഞ്ഞ് മെറ്റിലളകി കിടക്കുകയാണ്. റോഡിൽ അസഹനീയമായ പൊടിപടലവും ഉയരുന്നുണ്ട്. വീടുകൾ കൂടുതലുള്ളതിനാൽ പൊടിപടലങ്ങൾ താമസക്കാരെയും അലട്ടുന്നുണ്ട്. ഇക്കാരണങ്ങൾ കാട്ടി വാർഡ് കൗൺസിലറോട് പരാതികൾ ഉന്നയിച്ചിട്ടും നടപടിയൊന്നുമായില്ല. റോഡ് വെട്ടിപ്പൊളിച്ചിട്ടിരിക്കുന്നതിനാൽ ഇവിടെ ഗതാഗതക്കുരുക്കും രൂക്ഷമാണ്. നിർമ്മാണ പ്രവർത്തനങ്ങൾക്കായി എത്തിച്ച മെറ്റിൽ കൂനയാണ് റോഡിനിരുവശവും. ഇതും ഗതാഗതത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.

 റോഡിന്റെ പ്രത്യേകതകൾ

വഞ്ചിയൂരിൽ നിന്ന് തമ്പാനൂർ, കിഴക്കേകോട്ട എന്നിവിടങ്ങളിലേക്ക് പോകാനുള്ള എളുപ്പവഴി

റെയിൽവേ സ്റ്റേഷനിലേക്ക് ഗതാഗതക്കുരുക്ക് ഒഴിവാക്കി പോകാൻ കൂടുതലായും ആശ്രയിക്കുന്ന വഴി

ട്യൂഷൻ സെന്ററുകൾ, പരിശീലന കേന്ദ്രങ്ങൾ എന്നിവയുള്ളതിനാൽ വിദ്യാർത്ഥികളും അധികമായി ഉപയോഗിക്കുന്ന റോഡ്.

ദൈർഘ്യം- 150 മീറ്റ‌ർ

ജോലികൾ തുടങ്ങിയിട്ട് - 10 മാസം

ജോലികൾ പൂർത്തിയാക്കാൻ ഇനി - 3 മാസം