സർഗവാസനകൾ കൊണ്ട് സമ്പന്നമായ ചിൽഡ്രൻസ് ഫെസ്റ്റ്

Sunday 22 January 2023 12:17 AM IST

തിരുവനന്തപുരം: കുട്ടികളുടെ സർഗവാസനകൾ കൊണ്ട് സമ്പന്നമാവുകയാണ് തിരുവനന്തപുരം വഴുതക്കാട് ഗവ. വനിത കോളേജ്. സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നുമുള്ള 16ഓളം ഗവൺമെന്റ് ചിൽഡ്രൻസ് ഹോമുകളിലെ കുട്ടികളെയും, തിരുവനന്തപുരത്തെ എൻ.ജി.ഒകളിലെ കുട്ടികളെയും സംഘടിപ്പിച്ച് 'വർണ്ണച്ചിറകുകൾ" എന്ന പേരിൽ നടത്തുന്ന സംസ്ഥാനതല ചിൽഡ്രൻസ് ഫെസ്റ്റ് രണ്ടാം ദിനത്തിലും വ്യത്യസ്ത മത്സരയിനങ്ങളാൽ സമ്പന്നമായി. സംഘനൃത്തം, ഒപ്പന, നാടൻപാട്ട്, പ്രച്ഛന്ന വേഷം, മാപ്പിളപ്പാട്ട്, നാടകം, പെൻസിൽ രചന, കഥാരചന, കവിതാരചന ഉപന്യാസരചന തുടങ്ങി അഞ്ച് വേദികളിലായാണ് മത്സരങ്ങൾ നടത്തിയത്. സബ്‌ജൂനിയർ ഗേൾസ്/ ബോയ്സ്, ജൂനിയർ ഗേൾസ്/ ബോയ്സ്, സീനിയർ ഗേൾസ്/ ബോയ്സ് എന്നീ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടന്നത്. കാമ്പസിനുള്ളിൽ സംഘടിപ്പിച്ച എക്സ്‌പോയും ശ്രദ്ധിക്കപ്പെടുന്നതായിരുന്നു. വിവിധങ്ങളായ സ്റ്റാളുകളും എക്സ്‌പോയിൽ ഒരുങ്ങി. യുവതലമുറയെ സാങ്കേതികവിദ്യയുടെ നവീന തലങ്ങൾ പരിചയപ്പെടുത്താനായി എ.എസ്.എ.പി (അഡിഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം) ഒരുക്കിയ റിയാലിറ്റി സ്റ്റേഷൻ കുട്ടികൾക്ക് പുതിയൊരു അനുഭവമായിരുന്നു. എക്സ്‌പോയുടെ മറ്റൊരു ആകർഷണമായിരുന്നു കോവളം ആർട്ട് ആൻഡ് ക്രാഫ്ട് വില്ലേജ് ഒരുക്കിയ എക്സിബിഷൻ. മൂന്നു ദിവസം നീണ്ടുനിൽക്കുന്ന മേളയ്ക്ക് ഇന്ന് സമാപനമാകും. വൈകിട്ട് 4.15ന് നടക്കുന്ന സമാപന യോഗം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. മന്ത്രി ആന്റണി രാജു, വനിതാ ശിശു വികസന വകുപ്പ് ഡയറക്‌ടർ ജി. പ്രിയങ്ക, ജില്ലാ വികസന കമ്മിഷണർ അനുകുമാരി, കൗൺസിലർ രാഖി രവികുമാർ, സ്റ്റേറ്റ് ചൈൽഡ് പ്രൊട്ടക്ഷൻ സൊസൈറ്റി പ്രോഗ്രാം മാനേജർ കെ. കൃഷ്ണമൂർത്തി തുടങ്ങിയവർ പങ്കെടക്കും.