ബോംബ് ഭീഷണി: ഗോവയിലേക്കുള്ള റഷ്യൻ വിമാനം ഉസ്ബെക്കിസ്ഥാനിൽ ഇറക്കി
Saturday 21 January 2023 11:57 PM IST
മോസ്കോ: മോസ്കോയിൽ നിന്ന് ഗോവയിലേക്ക് പറക്കുകയായിരുന്ന റഷ്യൻ വിമാനം വ്യാജ ബോംബ് ഭീഷണിയെ തുടർന്ന് ഉസ്ബെക്കിസ്ഥാനിൽ ഇറക്കി. 247 യാത്രക്കാരുമായി പറന്ന അസൂർ വിമാനക്കമ്പനിയുടെ വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന ഭീഷണി ഗോവയിലെ ദാബോലിം എയർപോർട്ടിൽ ഇ മെയിലിലാണ് ലഭിച്ചത്. തുടർന്ന് ഉസ്ബെക്കിസ്ഥാനിൽ അടിയന്തര ലാൻഡിംഗ് നടത്തിയ വിമാനത്തിൽ നിന്ന് യാത്രക്കാരെ ഒഴിപ്പിച്ച് വിശദ പരിശോധന നടത്തിയ ശേഷം യാത്ര തുടർന്നു. വ്യാജബോംബ് ഭീഷണിയെ തുടർന്ന് ഇത് രണ്ടാംതവണയാണ് ഗോവയിലേക്കുള്ള റഷ്യൻ വിമാനം അടിയന്തരമായി നിലത്തിറക്കുന്നത്. ജനുവരി 9ന് 236 യാത്രക്കാരുമായി പറക്കുകയായിരുന്ന ഇതേ കമ്പനിയുടെ വിമാനത്തിന് ബോംബ് ഭീഷണിയുണ്ടെന്ന് അറിയിപ്പ് ലഭിക്കുകയും ഗുജറാത്തിൽ ജാംനഗറിലെ വ്യോമസേനാ താവളത്തിൽ ഇറക്കുകയും ചെയ്തിരുന്നു.