ട്രെയിൻ വൈകിപ്പിക്കാൻ വ്യാജ ബോംബ് ഭീഷണി; വ്യോമസേനാ ഉദ്യോഗസ്ഥൻ പിടിയിൽ

Sunday 22 January 2023 12:06 AM IST

ന്യൂഡൽഹി: ട്രെയിൻ വൈകിപ്പിക്കാനായി ബോംബ് ഭീഷണി മുഴക്കിയ വ്യോമസേനാ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ഡൽഹി-മുംബയ് രാജധാനി എക്സ്പ്രസ് പുറപ്പെടുന്നത് വൈകിക്കാനായി വ്യാജ ഫോൺകോൾ നടത്തിയ ഐഎഎഫ് സർജന്റായ സുനിൽ സാങ്‌വാൻ ആണ് പിടിയിലായത്. ഇയാൾ യുപിയിലെ ദാദ്രി സ്വദേശിയാണെന്നാണ് വിവരം.

4.55-നായിരുന്നു ട്രെയിൻ പുറപ്പെടേണ്ടിയിരുന്നത് എന്നാൽ ഇത് വൈകിപ്പിക്കുന്നതിനായി പ്രതി റെയിൽവേ പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച് ബോംബ് ഭീഷണി മുഴക്കുകയായിരുന്നു. ഫോൺ സന്ദേശത്തെത്തുടർന്ന് ട്രെയിൻ പുറപ്പെടാതെ സ്റ്റേഷനിൽ തന്നെ പിടിച്ചിടുകയും പരിശോധന നടത്തുകയും ചെയ്തു. എന്നാൽ സ്ഫോടകസ്വഭാവമുള്ള വസ്തുക്കളൊന്നും തന്നെ കണ്ടെത്താനായില്ല. തുടർന്ന് ഫോൺ കോളിന്റെ ഉറവിടം പരിശോധിച്ചത് വഴി ഇയാൾ ട്രെയിനിൽ തന്നെയുണ്ടെന്ന് കണ്ടെത്തുക ആയിരുന്നു. തുടർന്ന് മദ്യലഹരിയിലായിരുന്ന പ്രതിയെ കണ്ടത്തി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.