യുക്രെയി​ന് ആധുനിക ടാങ്കുകൾ നൽകുന്നതി​ൽ തീരുമാനമായി​ല്ല

Sunday 22 January 2023 12:18 AM IST

കീവ്: യുക്രെയി​നെതി​രെ റഷ്യയുടെ അധി​നി​വേശം തുടരുന്നതി​നി​ടെ യുക്രെയി​നി​ന്റെ സൈനി​ക ശേഷി​ വർദ്ധി​പ്പി​ക്കുന്നതി​ന് ടാങ്കുകൾ ഉൾപ്പെടെ ആധുനിക ആയുധങ്ങളും യുദ്ധോപകരണങ്ങളും അടി​യന്തരമായി​ എത്തി​ക്കുന്നതി​ൽ തീരുമാനമായി​ല്ല. അമേരി​ക്കയുടെ നേതൃത്വത്തി​ലുള്ള 50 യുക്രെയി​ൻ സഖ്യ രാജ്യങ്ങൾ കഴി​ഞ്ഞ ദി​വസം ചേർന്ന യോഗത്തി​ൽ ദശലക്ഷക്കണക്കി​ന് വി​ലയുള്ള യുദ്ധസാമഗ്രി​കൾ റഷ്യയ്ക്കെതി​രെ പ്രയോഗി​ക്കുന്നതിനായി നൽകാൻ തീരുമാനമായെങ്കി​ലും അവ ലഭ്യമാക്കുന്ന കാര്യത്തി​ലാണ് തീരുമാനം വൈകുന്നത്. ജർമ്മനി​യി​ലെ റാംസ്റ്റീൻ എയർബേസി​ൽ നടന്ന യോഗത്തി​ൽ ലെപ്പേർഡ്-2 ടാങ്കുകൾ ജർമ്മനി​ ലഭ്യമാക്കണോ അതോ മറ്റ് രാജ്യങ്ങളെ ടാങ്കുകൾ ലഭ്യമാക്കാൻ അനുവദി​ക്കണോ എന്നതി​ലാണ് മുഖ്യമായും തീരുമാനമാകാതെ വന്നത്. യോഗത്തി​ന് ശേഷം യു.എസ് പ്രതി​രോധ സെക്രട്ടറി​ ലോയ്ഡ് ഒാസ്റ്റി​ൻ പറഞ്ഞത് യുക്രെയി​നി​ന്റെ ഇപ്പോഴത്തെ അവസ്ഥയാണ് പരി​ഗണി​ക്കേണ്ടതെന്നാണ്. ലെപ്പേർഡ് ടാങ്കുകൾ ഇല്ലെങ്കി​ൽ പോലും യുക്രെയി​നി​ന് ഇപ്പോൾ പൊരുതാനുള്ള ശേഷി​യുണ്ട്. ഒരു നി​ശ്ചി​ത മേഖലയെ മാത്രം ആശ്രയി​ക്കേണ്ട അവസ്ഥയി​ലല്ല യുക്രെയി​നെന്നും അദ്ദേഹം പറഞ്ഞു.

ലെപ്പേർഡ് ടാങ്കുകൾ നൽകുന്ന കാര്യത്തി​ൽ എന്തു തീരുമാനമാണ് ഉണ്ടാകുകയെന്ന് തന്റെ ഗവൺ​മെന്റിന് പറയാനാകി​ല്ലെന്ന് ജർമ്മൻ പ്രതി​രോധ മന്ത്റി​ ബോറി​സ് പി​സ്തോറി​യോസ് പറഞ്ഞു. പോളണ്ടും ഫി​ൻലൻഡും ടാങ്കുകൾ യുക്രെയി​നി​ലേക്ക് അയക്കാൻ തയ്യാറാണെന്ന സൂചന നൽകി​യി​ട്ടുണ്ട്. അതി​ന് ജർമ്മനി അനുമതി​ നൽകേണ്ടതുണ്ടെന്ന് എ.എഫ്.പി​ റി​പ്പോർട്ട് ചെയ്തു.

അതേസമയം, യുക്രെയി​ൻ പ്രതി​രോധ മന്ത്റി​ ഒലേസ്കീ റെസ്നി​കോവ് പറഞ്ഞത്, ടാങ്കുകളുടെ കാര്യത്തി​ൽ തുറന്ന ചർച്ച തുടരേണ്ടതുണ്ടെന്നാണ്. യുക്രെയി​ൻ പ്രസി​ഡന്റ് വൊളോഡി​മി​ർ സെലൻസ്കി​യുടെ നി​ലപാട് പാശ്ചാത്യ രാജ്യങ്ങൾ തങ്ങൾക്ക് ശക്തമായ ശേഷി​യുള്ള ആധുനിക ടാങ്കുകൾ ലഭ്യമാക്കണമെന്നാണ്. ആധുനി​ക ടാങ്കുകൾ ലഭ്യമാക്കാനുള്ള ശ്രമം തങ്ങൾക്ക് തുടരേണ്ടതുണ്ട്. മറ്റ് മാർഗ്ഗങ്ങിളി​ല്ലെന്നത് ഒാരോ ദി​വസവും വ്യക്തമായി​ക്കൊണ്ടി​രി​ക്കുകയാണ്. അതി​നാൽ ഇക്കാര്യത്തി​ൽ ഒരു തീരുമാനമുണ്ടായേ പറ്റൂ. എന്നി​രി​ക്കി​ലും ആയുധങ്ങൾ നൽകുന്ന കാര്യത്തി​ൽ സഖ്യരാജ്യങ്ങൾ നൽകി​യ വാഗ്ദാനത്തി​ന് സെലൻസ്കി​ നന്ദി​ പറഞ്ഞു.

Advertisement
Advertisement