കരാറുകാർക്ക് എട്ടിന്റെ പണിയായി 18% നികുതി!
ബില്ല് പാസായാലും ഇല്ലെങ്കിലും രു മാസത്തിനുള്ളിൽ നികുതി അടയ്ക്കണം
ആലപ്പുഴ: ബില്ല് പാസായാലും ഇല്ലെങ്കിലും ഒരു മാസത്തിനുള്ളിൽ 18 ശതമാനം നികുതി അടയ്ക്കണമെന്ന നിയമം കരാറുകാർക്ക് തലവേദനയാകുന്നു. നിർമ്മാണം പൂർത്തിയായി മാസങ്ങളും ചിലപ്പോൾ വർഷങ്ങളും കഴിഞ്ഞ് മാത്രം ബിൽ തുക ലഭിക്കുന്ന സാഹചര്യത്തിലാണ് ജി.എസ്.ടി തുകയുടെ പേരിലുള്ള ഈ കടുംപിടിത്തം.
പണി പൂർത്തിയായ ദിവസം, ഇൻ വോയ്‌സ് സമർപ്പിക്കുന്ന തീയതി, ബിൽ ലഭിക്കുന്ന തീയതി എന്നിവയിൽ ആദ്യം സംഭവിക്കുന്നത് ഏതാണോ അതിന് ഒരു മാസത്തിനുള്ളിൽ കരാറുകാർ 18 ശതമാനം നികുതി അടയ്ക്കണമെന്നാണ് നിലവിലെ ചട്ടം. ഇതിന് സാധിക്കാത്തവർക്കെല്ലാം ഭീമമായ പിഴയും പലിശയും ചുമത്തി നോട്ടീസ് ലഭിച്ചു കൊണ്ടിരിക്കുകയാണ്. നികുതിക്ക് തുല്യമായ തുക പിഴയായും അതിന് 24 ശതമാനം പലിശയുമാണ് ഈടാക്കുന്നത്. 2017 മുതൽ 2022 വരെ ചെയ്ത പ്രവൃത്തികളിന്മേൽ ഇത്തരത്തിൽ പിഴയും പലിശയും ചുമത്തിയാൽ മിക്ക കരാറുകാരും പാപ്പരാകും
..........
കരാറുകാരുടെ ആവശ്യം
# കരാർ പണികളിന്മേലുള്ള ജി.എസ്.ടി അടയ്‌ക്കേണ്ടത് ബിൽ തുക ലഭിച്ച് ഒരു മാസത്തിനുള്ളിൽ എന്നു മാത്രമായി നിജപ്പെടുത്തണം
# നികുതി നിരക്കിൽ മാറ്റം വരുത്തുമ്പോൾ, മാറ്റം വരുത്തുന്ന തീയതി വരെ പൂർത്തിയാക്കിയ പണികൾക്ക് പഴയ നികുതി മാത്രമേ ബാധകമാക്കാവൂ
# 2017 ജൂലായ് ഒന്നു മുതൽ പ്രാബല്യത്തിൽ വരത്തക്കവിധം ജി.എസ്.ടി നിയമത്തിൽ ഭേദഗതി വരുത്തണം
നിറയെ പ്രതിസന്ധി
2012ലെ ഷെഡ്യൂൾ ഒഫ് റേറ്റ്സ് നിലവിൽ വന്നെങ്കിലും കേരളത്തിൽ പ്രാബല്യത്തിലായിട്ടില്ല. ജി.എസ്.ടി നാലിൽ നിന്ന് 12 ശതമാനത്തിലേക്ക് കുതിച്ചു. യഥാർത്ഥത്തിൽ സർക്കാർ ഒടുക്കേണ്ട ബാദ്ധ്യത കരാറുകാരുടെ തലയിൽ കെട്ടിവെയ്ക്കുകയാണെന്നാണ് ആക്ഷേപം. ചെറുകിട കരാറുകാർക്ക് കേന്ദ്രസർക്കാർ നൽകുന്ന എം.എസ്.എം.ഇ ആനുകൂല്യങ്ങൾ കേരളത്തിലുള്ളവർക്ക് ലഭിക്കാറില്ല.
ജി.എസ്.ടി നിയമത്തിൽ ഭേദഗതി വരുത്തണമെന്ന് കേന്ദ്ര - സംസ്ഥാന ധനകാര്യ മന്ത്രിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചെയ്ത ജോലിയുടെ കൂലി ലഭിക്കാൻ വർഷങ്ങൾ വൈകുന്ന സാഹചര്യത്തിലാണ് ജി.എസ്.ടിയുടെ പേരിൽ കരാറുകാരെ വലയ്ക്കുന്നത്. പിഴ ഒടുക്കി കരാറുകാർ പാപ്പരാകുന്ന സ്ഥിതിയാണ് നിലവിലുള്ളത്
വർഗീസ് കണ്ണമ്പള്ളി, സംസ്ഥാന പ്രസിഡന്റ്, കേരള ഗവ. കോൺട്രാക്ടേഴ്‌സ് അസോ.