തെങ്ങി​ന് തീരെ കരുത്തില്ല, കേര കർഷകരെ താങ്ങാൻ!

Sunday 22 January 2023 12:21 AM IST

താങ്ങുവിലയും പച്ചത്തേങ്ങ സംഭരണവും പാളി

ആലപ്പുഴ: ചെലവിനും കഷ്ടപ്പാടിനും ആനുപാതികമായി തേങ്ങയ്ക്ക് ന്യായവില ലഭിക്കാത്തതിനാൽ പ്രതിസന്ധിയിലായ നാളീകേര കർഷകരെ താങ്ങി നിറുത്താൻ സർക്കാർ പ്രഖ്യാപിച്ച താങ്ങുവിലയും പച്ചത്തേങ്ങ സംഭരണവും പാതിവഴിയിൽ മുടങ്ങി. കൃഷിഭവൻ മുഖേനയുള്ള നാളികേര വികസന സമിതിയുടെ പ്രവർത്തനം നിലച്ചിട്ട് വർഷങ്ങളായി. കേരകൃഷി സഹായ പദ്ധതികളെക്കുറിച്ച് കൃഷി ഉദ്യോഗസ്ഥർക്ക് പോലും വ്യക്തതയില്ല. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ആരംഭിച്ച നാളികേര സംഭരണം നിലയ്ക്കുകയും ചെയ്തു.

കൃഷിഭവൻ വഴി നാളികേരവും സഹകരണ സംഘങ്ങൾ മുഖേന ഉണങ്ങിയ കൊപ്രയുമാണ് സംഭരിച്ചിരുന്നത്. തൊണ്ട് കുടുംബശ്രീ യൂണിറ്റുകളിലൂടെ സംഭരിച്ച് കയർസംഘങ്ങളുടെ ഡീഫൈബറിംഗ് യൂണിറ്റിന് കൈമാറിയിരുന്നു. നാളികേരവും കൊപ്രയും കേരഫെഡാണ് ഉത്പന്നങ്ങളാക്കി വിപണിയിൽ എത്തിച്ചിരുന്നത്. ഒരു കിലോ പച്ചത്തേങ്ങ മൊത്തവ്യാപാരികൾ കർഷകരിൽ നിന്ന് സംഭരിക്കുന്നത് 28 രൂപയ്ക്കാണ്. തൊണ്ട് നീക്കി വിൽക്കുന്നത് 40 രൂപയ്ക്ക്. വേനൽക്കാലത്ത് തേങ്ങയിൽ ജലാംശം കുറവായതിനാൽ ചകിരി നീക്കം ചെയ്ത രണ്ടു തേങ്ങയെങ്കിലും വേണം ഒരു കിലോയാവാൻ. വിലക്കുറവെന്നു കരുതി വിൽക്കാതിരുന്നാൽ കടുത്തചൂടിൽ വീണ്ടും തൂക്കം കുറയുമെന്നതിനാൽ നഷ്ടം സഹിച്ചും കർഷകർ വിൽക്കും. വെളിച്ചെണ്ണ വില 160 ൽ എത്തിയിട്ടും നാളികേരത്തിന് അർഹമായ വില ലഭിക്കുന്നില്ലെന്നാണ് കർഷകരുടെ പരാതി. സർക്കാർ സംഭരണം നിലച്ചതോടെ അന്യസംസ്ഥാന ലോബി കർണാടക, പൊള്ളാച്ചി എന്നിവിടങ്ങളിൽ നിന്ന് തേങ്ങയെത്തിക്കുന്നതും സംസ്ഥാനത്തെ തേങ്ങവില ഇടിയാൻ കാരണമാകുന്നു.

കൃഷിഭവനുകളിൽ നാളികേര സംഭരണത്തിന് ഒരു ബിൽകളക്ടറെയും രണ്ട് ചുമട്ടുകാരെയും ദിവസ വേതനത്തിന് നിയമിച്ചിരുന്നു. കീടനിയന്ത്രണത്തിന് ശാശ്വത മാർഗ്ഗം കണ്ടെത്താൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. സംസ്ഥാനത്ത് നാളികേര ഉത്പാദനം, വിസ്തൃതി തുടങ്ങിയവയുടെ സ്ഥിതിവിവരക്കണക്ക് സമീപകാലത്തെങ്ങും എടുത്തിട്ടില്ലെന്ന് കേരകർഷർ പറയുന്നു. കേരളത്തിലെ പ്രതിസന്ധിയിൽ നേട്ടം തമിഴ്‌നാടിനാണ്. അവിടെ നിന്നുള്ള തേങ്ങയും വെളിച്ചെണ്ണയുമാണ് കേരളത്തിലെ കുറവ് പരിഹരിക്കുന്നത്. നാടൻ വെളിച്ചെണ്ണ വില കിലോയ്ക്ക് 180ന് മുകളിലായി.

പരിഹാര മാർഗങ്ങൾ

 നല്ലയിനം തെങ്ങിൻ തൈകൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കണം  കർഷകരിൽ നിന്ന് വിത്തു തേങ്ങ സംഭരിക്കണം  കേടായ തെങ്ങ് വെട്ടിമാറ്റാൻ 2000 രൂപയും തെങ്ങിൻ തൈയും നൽകുന്ന പദ്ധതി പുന:സ്ഥാപിക്കണം  ഓരോ കൃഷിഭവനിലും ചെറുകിട സംരംഭങ്ങൾ ആരംഭിക്കണം  നാളികേര ഉത്പന്നങ്ങൾ നിർമ്മിക്കാനുള്ള യന്ത്രങ്ങൾ വാങ്ങാൻ വായ്പ നൽകണം

...............................

തെങ്ങുകൃഷിയെ പ്രോത്സാഹിപ്പിക്കാൻ സംസ്ഥാനത്ത് സമഗ്രമായ കേരനയം നടപ്പാക്കണം. അത്യുത്പാദന ശേഷിയുള്ള തെങ്ങിൻതൈകൾ കുറഞ്ഞ നിരക്കിൽ കർഷകർക്ക് ലഭ്യമാക്കണം

(ബേബി പാറക്കാടൻ, പ്രസിഡന്റ്, സംസ്ഥാന നെൽ-നാളികേര കർഷക ഫെഡറേഷൻ)

.............................

തേങ്ങ സംഭരിക്കുന്നത് (രൂപയിൽ)

പച്ചത്തേങ്ങ ഒന്നിന്....................................14

വിൽക്കുന്നത് ഒന്നിന്...............................20

വെളിച്ചെണ്ണ വില കിലോയ്ക്ക്........................180