സമൂഹമാദ്ധ്യമങ്ങളിൽ വരുന്ന വാർത്തകളുടെ ലാഭം പ്രസാധകർക്കും അവകാശപ്പെട്ടത്: രാജീവ് ചന്ദ്രശേഖർ

Sunday 22 January 2023 1:22 AM IST

ന്യൂഡൽഹി: ഗൂഗിൾ അടക്കം സമൂഹ മാദ്ധ്യമ പ്ളാറ്റ്ഫോമുകൾ വഴി വാർത്തകൾ നൽകുന്നതിലൂടെ ലഭിക്കുന്ന ലാഭ വിഹിതം പ്രസാധകർക്കും നൽകണമെന്ന് കേന്ദ്ര ഐ.ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഫേസ്ബുക്ക്, ഗൂഗിൾ പോലുള്ള ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി പങ്കുവയ്‌ക്കുന്ന ഉള്ളടക്കത്തിന് യഥാർത്ഥ അവകാശികളായ മീഡിയ ഔട്ട്‌ലെറ്റുകൾക്കും പ്രസാധകർക്കും പണം നൽകണമെന്ന ഓസ്ട്രേലിയൻ നിയമത്തിന്റെ മാതൃകയിലാകും ഡിജിറ്റൽ നിയമം ഭേദഗതി ചെയ്യുക. സമൂഹമാദ്ധ്യമങ്ങളും പ്രസാധകരും തമ്മിലുള്ള നിലവിലെ ബന്ധത്തിലെ അസന്തുലിതാവസ്ഥ പരിഹരിക്കേണ്ടതുണ്ട്,
പത്രപ്രവർത്തനത്തിന്റെ ഭാവിക്കും ഡിജിറ്റൽ, പ്രിന്റ് മാദ്ധ്യമങ്ങളുടെ സാമ്പത്തിക ആരോഗ്യത്തിനും അത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ മാദ്ധ്യമങ്ങൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഇതുപകരിക്കുമെന്ന് വാർത്താ വിതരണ പ്രക്ഷേപണ സെക്രട്ടറി അപൂർവ ചന്ദ്ര പറഞ്ഞു.
വാർത്താ വ്യവസായത്തിന്റെ വളർച്ചയ്ക്ക് വരുമാനം പങ്കിടൽ അനിവാര്യമാണ്. ഉള്ളടക്ക നിർമ്മാണത്തിലും സാമ്പത്തിക നേട്ടമുണ്ടാക്കുന്നതിലും സമൂഹമാദ്ധ്യമങ്ങൾക്കുള്ള ആധിപത്യം അസന്തുലിതാവസ്ഥയുണ്ടാക്കുന്നു. നിയമ ഭേദഗതിയിലൂടെ പ്രശ്‌ന പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അപൂർവ പറഞ്ഞു.

ഓസ്ട്രേലിയയ്‌ക്ക് പുറമെ കാനഡ, ഫ്രാൻസ്, യൂറോപ്യൻ യൂണിയൻ എന്നിവിടങ്ങളിലും വാർത്താ ഉള്ളടക്ക സ്രഷ്‌ടാക്കൾക്കും സമൂഹമാദ്ധ്യമങ്ങൾക്കും ഇടയിൽ വരുമാനം പങ്കിടുന്നതിനുള്ള നിയമമുണ്ട്.

Advertisement
Advertisement