സീ​റ്റ് ബെൽ​റ്റില്ലാതെ കാർയാത്ര ഋഷി സുനകിന്  പിഴയിട്ടു

Sunday 22 January 2023 12:28 AM IST

ലണ്ടൻ: ഓടിക്കൊണ്ടിരുന്ന കാറിൽ സീ​റ്റ് ബെൽ​റ്റിടാതെ വീഡിയോ ചിത്രീകരിച്ചതിന് ബ്രീട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന് ലാൻകാഷയർ പൊലീസ് പിഴയിട്ടു.എന്നാൽ ഋഷി സുനകിന്റെ പേര് പൊലീസ് വ്യക്തമാക്കിയില്ലെന്നും ലണ്ടനിൽ നിന്നുള്ള 42കാരന് പിഴ ചുമത്തിയെന്നാണ് അറിയിച്ചിട്ടുള്ളതെന്നുമാണ് റിപ്പോർട്ട്. 28 ദിവത്തിനകം പിഴയടയ്ക്കുകയോ അപ്പീൽ നൽകുകയോ ചെയ്യാം. വിവിധ പദ്ധതികൾ ലക്ഷ്യമിട്ടുള്ള സർക്കാരിന്റെ ലെവലിംഗ് അപ്പ് ഫണ്ടുമായി ബന്ധപ്പെട്ട് ചിത്രീകരിച്ച വീഡിയോയിലാണ് ബെൽറ്റ് ധരിക്കാതെ ഋഷി പ്രത്യക്ഷപ്പെട്ടത്. കാറിൽ സീ​റ്റ് ബെൽറ്റിടാതെയിരുന്നാൽ പരമാവധി 500 പൗണ്ട് വരെ പിഴ ഈടാക്കാവുന്ന കുറ്റമാണെന്നിരിക്കെ പ്രധാനമന്ത്രി അത് ലംഘിച്ചെന്ന് കാട്ടി വൻ പ്രതിഷേധമാണ് ഉയർന്നത്. പ്രധാനമന്ത്രി വീഴ്ച വരുത്തിയെന്ന് കാട്ടി പ്രതിപക്ഷവും രംഗത്തെത്തിയതോടെ തെറ്റ് സമ്മതിച്ച് സുനക് ക്ഷമാപണം നടത്തിയിരുന്നു. അല്പ സമയത്തേക്ക് മാത്രമാണ് പ്രധാനമന്ത്രി സീറ്റ് ബെൽറ്റ് മാറ്റിയതെന്നും എല്ലാവരും സീ​റ്റ് ബെൽ​റ്റ് ധരിക്കണമെന്നും ഋഷിയുടെ ഓഫീസ് അറിയിച്ചു. ഒരു മിനിട്ട് ദൈർഘ്യമുള്ള വീഡിയോയിൽ പൊലീസുകാർ ഋഷിയുടെ വാഹനത്തെ മോട്ടോർ ബൈക്കുകളിൽ അനുഗമിക്കുന്നതും കാണാം. വീഡിയോ ഋഷിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരുന്നെങ്കിലും വിവാദമായതോടെ നീക്കി. ഇത് രണ്ടാം തവണയാണ് നിയമലംഘനത്തിന് ഋഷി സുനകിന് പിഴ നൽകേണ്ടി വരുന്നത്. 2022 ഏപ്രിലിൽ അന്ന് പ്രധാനമന്ത്രിയായിരുന്ന ബോറിസ് ജോൺസണും ഭാര്യ കാരിയ്ക്കുമൊപ്പം കൊവിഡ് ലോക്ക്ഡോൺ നിയമം ലംഘിച്ചതിന് പിഴ അടയ്ക്കേണ്ടി വന്നിരുന്നു.

Advertisement
Advertisement