മൂത്രമൊഴിക്കൽ സംഭവം: അറിഞ്ഞത് വൈകിയാണെന്ന എയർഇന്ത്യാ വാദം പൊളിയുന്നു

Sunday 22 January 2023 1:28 AM IST

ന്യൂഡൽഹി: കഴിഞ്ഞ നവംബർ 26ന് ന്യൂയോർക്ക്-ന്യൂഡൽഹി വിമാനത്തിൽ യാത്രക്കാരൻ മദ്യലഹരിയിൽ 70കാരിക്കുമേൽ മൂത്രമൊഴിച്ച സംഭവം ജീവനക്കാർ വൈകാതെ ഉന്നതഉദ്യോഗസ്ഥരെ അറിയിച്ചതിന്റെ തെളിവുകൾ പുറത്ത്. വിമാനം ലാൻഡ് ചെയ്തതിന് ശേഷം ജീവനക്കാർ സംഭവത്തെക്കുറിച്ച് അറിയിച്ചില്ലെന്ന് എയർ ഇന്ത്യാ മാനേജ്‌മെന്റ് അവകാശപ്പെട്ടിരുന്നു. ഇതാണ് പ്രതിയായ ശങ്കർ മിശ്രയെ നടപടിയെടുക്കാതെ വിട്ടയച്ചതെന്നും വിശദീകരണം വന്നു.

നവംബർ 27ന് വിമാനം ഡൽഹിയിൽ ലാൻഡ് ചെയ്‌തയുടൻ സി.ഇ.ഒ കാംബെൽ വിൽസൺ, ഇന്ത്യയിലെ ബേസ് ഓപ്പറേഷൻസ് ഇൻഫ്‌ളൈറ്റ് സർവീസ് ഡിപ്പാർട്ട്‌മെന്റ് (ഐ.എഫ്‌.എസ്‌.ഡി) ലീഡ് എച്ച്.ആർ മേധാവി, വടക്കൻ മേഖലയിലെ കസ്റ്റമർ കെയർ തലവൻ എന്നിവർക്ക് എയർ ഇന്ത്യാ കാബിൻ ക്രൂ സൂപ്പർവൈസർ അയച്ച ഇ-മെയിലുകളുടെ വിശദാംശങ്ങളാണ് പുറത്തുവന്നത്.

സംഭവത്തെ കുറിച്ച് വൈകിട്ട് 3.36ന് അയച്ച മെയിലിന് 3.47ന് മറുപടിയും ലഭിച്ചു. അന്ന് രാത്രി 7.46ന് ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് ഡിപ്പാർട്ട്‌മെന്റ്,ഉപഭോക്തൃ സേവന തലവന്മാർക്കും മെയിലയച്ചിരുന്നു. അന്നു തന്നെ യാത്രക്കാരിയുടെ മരുമകനിൽ നിന്ന് കാംബെൽ വിൽസണ് ലഭിച്ച ഇമെയിൽ കസ്റ്റമർ കെയർ മേധാവിക്ക് ഫോർവേഡും ചെയ്‌തു.ഐ.എഫ്.എസ്.ഡിയുടെ ലീഡ് എച്ച്.ആർ തലവനായ മഹിപാൽ ആന്റിലിനെയും ഡൽഹിയിലെ ബേസ് മാനേജർ നീത ഖുംഗറിനെയും ഫോണിൽ വിളിച്ചതായി ഒന്നാം കാബിൻ സൂപ്പർവൈസർ ഡി.ജി.സി.എയ്‌ക്ക് നൽകിയ മൊഴിയിലുണ്ട്. നടന്നത് വലിയ സംഭവമല്ലെന്ന രീതിയിലാണ് ആന്റിൽ പ്രതികരിച്ചത്.

സംഭവത്തെക്കുറിച്ച് ഓർമ്മയില്ലെന്നും സ്‌ത്രീയോട് നിരുപാധികമായി മാപ്പ് പറയാമെന്നും ശങ്കർമിശ്ര ജീവനക്കാരോട് പറഞ്ഞു.തനിക്ക് രണ്ട് വയസുള്ള മകളുണ്ടെന്നും ആ സ്ത്രീ അമ്മയെപ്പോലെയാണെന്നും പറഞ്ഞു.തുടർന്നുള്ള ചർച്ചയിലൂടെ നഷ്‌ടപരിഹാരം നൽകാമെന്ന് ധാരണയായെന്നും ഇ-മെയിലിലുണ്ട്.

Advertisement
Advertisement