മോദി സർക്കാരിനെതിരെ കുറ്റപത്രം സമർപ്പിച്ച് കോൺഗ്രസ്

Sunday 22 January 2023 1:35 AM IST

ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയുടെ തുടർച്ചയായി രാജ്യവ്യാപകമായി പ്രചരിപ്പിക്കാൻ നരേന്ദ്രമോദി സർക്കാരിനെതിരായ കുറ്റപത്രം എ.ഐ.സി.സി പുറത്തിറക്കി. രാഹുൽ ഗാന്ധിയുടെ സന്ദേശമായി ഇത് വീടുവീടാന്തരം പ്രചരിപ്പിക്കുമെന്ന് എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾ കാരണം രാജ്യത്ത് തൊഴിലില്ലായ്‌മ വർദ്ധിച്ചു. മോദി സർക്കാർ അധികാരമേറ്റ് 9 വർഷമായിട്ടും വാഗ‌്ദാനം ചെയ്‌ത തൊഴിലുകൾ നൽകിയില്ല. 44 വർഷത്തെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നിരക്കാണ് രാജ്യത്തുള്ളതെന്നും കുറ്റപത്രത്തിൽ പറയുന്നു.

വിദ്യാഭ്യാസ മേഖല തകർന്നു,ഫീസ് മൂന്നിരട്ടിയായി

പട്ടികജാതി, പട്ടിക വർഗ വിഭാഗങ്ങൾക്കുള്ള മൗലാനാ ആസാദ് നാഷണൽ ഫെല്ലോഷിപ്പ് സ്കോളർഷിപ്പുകൾ പിൻവലിച്ചു

നോട്ട് നിരോധനവും ജി.എസ്.ടിയും സൂക്ഷ്മ-ചെറുകിട വ്യവസായ മേഖലയെ പ്രതികൂലമായി ബാധിച്ചതും തൊഴിൽ നഷ്ടമുണ്ടാക്കി

 ജനങ്ങൾക്ക് ദുരിതമായി പെട്രോൾ-ഡീസൽ വിലക്കയറ്റം.

 സ്ത്രീകൾക്കെതിരായ ആക്രമണത്തിൽ 26.35 ശതമാനം വർധനവ്.

 ചൈനയുടെ നുഴഞ്ഞുകയറ്റം

അതിർത്തിയിൽ സമാധാനം കെടുത്തുന്നു.

രാജ്യത്തിന്റെ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക സ്ഥിതി ദയനീയം

ഹാത്ത് സേ ഹാത്ത് ജോഡോ യാത്ര 26മുതൽ

ഭാരത് ജോഡോ യാത്രയുടെ തുടർച്ചയായി കോൺഗ്രസ് സംഘടിപ്പിക്കുന്ന മൂന്നുമാസം നീളുന്ന 'ഹാത് സേ ഹാത്ത് ജോഡോ' പ്രചാരണം ജനുവരി 26ന് തുടക്കമാകും. ജനസമ്പർക്ക പരിപാടികളാണ് പ്രധാനം.

ഭാരത് ജോഡോ യാത്ര ജനുവരി 29വരെ

ജമ്മുകാശ്‌മീരിൽ പുരോഗമിക്കുന്ന ഭാരത് ജോഡോ യാത്ര അവസാന ഘട്ടത്തിലാണെന്ന് കെ.സി. വേണുഗോപാൽ അറിയിച്ചു. 19-ന് വൈകുന്നേരം ജമ്മുവിൽ പ്രവേശിച്ച യാത്ര ജനുവരി 29-ന് അവസാനിക്കും. 25 വരെ ജമ്മു മേഖലയിലും 27, 28,29 തിയതികളിൽ കാശ്മീർ താഴ്‌വരയിലുമായിരിക്കും.

30-ന് രാവിലെ പത്തുമണിക്ക് രാഹുൽ ഗാന്ധി ജമ്മു കാശ്മീർ പി.സി.സി ഓഫീസിൽ ദേശീയ പതാക ഉയർത്തും. 11മണിക്ക് ശ്രീനഗർ ഷേർ-ഇ-കശ്മീർ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ പൊതുസമ്മേളനം സംഘടിപ്പിക്കും.

രാഹുൽ ഗാന്ധിക്കൊപ്പം എല്ലാ ജില്ലാ കമ്മിറ്റികളിലും പതാകയുയർത്തും.

സി.പി.എം ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന് യാത്രയെ തരഞ്ഞെടുപ്പിനുള്ള പ്രതിപക്ഷ ഐക്യ നീക്കമായി കാണേണ്ടതില്ലെന്ന് കെ.സി. വേണുഗോപാൽ മറുപടി നൽകി. സമാന ചിന്താഗതിയുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളെയും ക്ഷണിച്ചിട്ടുണ്ട്. തീരുമാനമെടുക്കേണ്ടത് അവരാണ്. മിക്കവരും അവരുടെ പ്രതിനിധികളെ പങ്കെടുപ്പിപ്പിക്കാൻ തീരുമാനിച്ചു.

നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുല്ല കഴിഞ്ഞ ദിവസം പങ്കെടുത്തു. ജമ്മു കശ്മീരിലെ സി.പി.എം നേതാവ് തരിഗാമി പങ്കെടുക്കാമെന്ന് സമ്മതിച്ചു. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഭാരത് ജോഡോ യാത്രയെക്കുറിച്ച് നല്ല വാക്കുകൾ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Advertisement
Advertisement