ജമ്മുവിൽ ഇരട്ട സ്ഫോടനം

Sunday 22 January 2023 1:36 AM IST

ശ്രീനഗർ: ജമ്മു കാശ്മീരിലെ നർവാൾ പ്രദേശത്ത് ഉണ്ടായ ഇരട്ട സ്‌ഫോടനങ്ങളിൽ ഒമ്പത് പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്‌. ആസൂത്രിതമായി നടത്തിയ സ്ഫോടനമാണെന്ന് പൊലീസ് പറഞ്ഞു. 30 മിനിട്ട് വ്യത്യാസത്തിൽ രണ്ട് കാറുകളിലാണ് സ്ഫോടനം ഉണ്ടായത്. നർവാളിലെ ട്രാൻസ്‌പോർട്ട് നഗറിലെ ഏഴാം നമ്പർ യാർഡിലുള്ള റിപ്പയർ ഷോപ്പിൽ ഇന്നലെ രാവിലെ 11നാണ് ആദ്യ സ്‌ഫോടനം നടന്നത്. അറ്റകുറ്റപ്പണിക്കായി എത്തിച്ചിരുന്ന കാറിലായിരുന്നു സ്ഫോടനം. ഇതിൽ അഞ്ച് പേർക്ക് പരിക്കേറ്റു.

ഉടൻ തന്നെ ആളുകളെ സംഭവസ്ഥലത്തു നിന്ന് ഒഴിപ്പിച്ചെങ്കിലും 30 മിനിട്ടിനു ശേഷം 50 മീറ്റർ അകലെയായി മറ്റൊരു കാറിലും സ്ഫോടനം ഉണ്ടാകുകയായിരുന്നു. സൈന്യവും ബോംബ് സ്‌ക്വാഡും ഫോറൻസിക് വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ജോഡോ യാത്രയുടെയും റിപ്പബ്ലിക് ദിനത്തിന്റെയും ഭാഗമായി വൻ സുരക്ഷ ഒരുക്കിയിട്ടുള്ള സാഹചര്യത്തിലാണ് സ്ഫോടനം നടന്നതെന്നത് ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്. വ്യാഴാഴ്ച ജമ്മുവിലെ കത്വയിലെത്തിയ ജോഡോ യാത്ര ജമ്മുവിൽ നിന്ന് 60 കി.മീ അകലെയുള്ള ച‌ഡ്‌വാളിലാണ് ഇപ്പോഴുള്ളത്. നാളെ യാത്ര ജമ്മുവിൽ എത്തിച്ചേരും.

സ്ഫോടനത്തെത്തുടർന്ന് പ്രദേശം വളഞ്ഞ് സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ടെന്ന് ജമ്മു എ.ഡി.ജി.പി മുകേഷ് സിംഗ് അറിയിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരും പൊലീസും പരിശോധന ശക്തമാക്കി. വേണ്ട നടപടി എടുക്കുമെന്നും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും പറഞ്ഞ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ അപകടത്തിൽ പരിക്കേറ്റവർക്ക് 50,000 രൂപ ധനസഹായം പ്രഖ്യാപിച്ചു.

മുൻ എം.എൽ.എയുടെ വീട്ടിൽ സ്ഫോടനം

ജമ്മു കാശ്മീരിലെ പൂഞ്ച് ജില്ലയിൽ മുൻ എം.എൽഎയുടെ വീട്ടിൽ സ്ഫോടനമുണ്ടായതായി റിപ്പോർട്ട്. മുൻ സുരൻകോട്ട് എം.എൽ.എയും പ്രമുഖ ഗുജ്ജർ നേതാവുമായ ചൗധരി മുഹമ്മദ് അക്രത്തിന്റെ വീട്ടിലാണ് സ്ഫോടനം നടന്നത്. ആർക്കും അപകടമുണ്ടായിട്ടില്ല. വീടിനു നേരെ വെടിവയ്പുണ്ടായതായും പറയുന്നു. അന്വേഷണം നടന്നുവരികയാണ്.

Advertisement
Advertisement