'വള്ളത്തോൾ സമാധിയിൽ' മോഹിനിയാട്ടമാക്കി മായ രാജേഷ്

Sunday 22 January 2023 1:18 AM IST

തൃശൂർ: കലാമണ്ഡലം ചെയർമാനായിരുന്ന മഹാകവി ഒളപ്പമണ്ണയുടെ 'വള്ളത്തോൾ സമാധിയിൽ' എന്ന കവിതയ്ക്ക് ആദ്യമായി നൃത്താവിഷ്‌കാരം നൽകി ഡോ. കലാമണ്ഡലം മായ രാജേഷ്. കഴിഞ്ഞയാഴ്ച വെള്ളിനേഴി ഒളപ്പമണ്ണ മനയിൽ കവിയുടെ ജന്മശതാബ്ദി ആഘോഷത്തോട് അനുബന്ധിച്ചാണ് മോഹിനിയാട്ടത്തിലൂടെ മഹാകവി വള്ളത്തോളിനെക്കുറിച്ചും കലാമണ്ഡലത്തെക്കുറിച്ചുമുള്ള കവിതയുടെ ഏകാംഗ നൃത്താവിഷ്‌കാരം നടത്തിയത്.
ഒളപ്പമണ്ണയുടെ രാധയുടെ വിരഹത്തെക്കുറിച്ചുള്ള കവിതയും അവതരിപ്പിച്ചിരുന്നു. രണ്ട് കവിതകളുമുൾപ്പെടെ അര മണിക്കൂറായിരുന്നു പരിപാടി. കലാമണ്ഡലത്തിലെ വള്ളത്തോൾ സമാധി കണ്ടാണ് ഒളപ്പമണ്ണ 'വള്ളത്തോൾ സമാധിയിൽ' എഴുതിയത്. കൃഷ്ണനെ അന്വേഷിച്ചു നടക്കുന്ന രാധയുടെ മനോവികാരമാണ് വടക്കാഞ്ചേരി മണലിത്തറ പറമ്പത്ത് വീട്ടിൽ മായ ആവിഷ്‌കരിച്ചത്.
എട്ടാം ക്ലാസ് മുതൽ കലാമണ്ഡലത്തിലാണ് മായ പഠിച്ചത്. തുടർന്ന് അവിടെത്തന്നെ മോഹിനിയാട്ടം അദ്ധ്യാപികയായി, ഡോക്ടറേറ്റും നേടി. ആദ്യമായാണ് സ്വന്തമായി കവിതയ്ക്ക് നൃത്താവിഷ്‌കാരം നൽകുന്നത്. പഠനകാലത്തും മറ്റുമായി ഗ്രൂപ്പായി കവിതയുടെ നൃത്താവിഷ്‌കാരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. സംഗീത സംവിധാനവും വായ്പാട്ടും കലാമണ്ഡലത്തിലെ കർണാടകസംഗീത വിഭാഗം അദ്ധ്യാപകൻ രെജു നാരായണനാണ് നിർവഹിച്ചത്. നട്ടുവാങ്കം ഡോ. കലാമണ്ഡലം ശ്രീവിദ്യ, മൃദംഗം കലാമണ്ഡലം നവീൻ ആനന്ദ്, പുല്ലാങ്കുഴൽ വിവേക് ഷേണായി, വയലിൻ ജയദേവ് ഒറ്റപ്പാലം, ഇടയ്ക്ക കലാമണ്ഡലം അരുൺദാസ് ശ്രുതിലയ. ഇപ്പോൾ മച്ചാട്ട് നൃത്തവിദ്യാലയം നടത്തുകയാണ് മായ. രാജേഷാണ് ഭർത്താവ്. മക്കളായ അഞ്ജലിയും അഭിനവും വിദ്യാർത്ഥികളാണ്.

കലാമണ്ഡലത്തിൽ പഠിച്ചതിനാലാവാം നൃത്താവിഷ്‌കാരം ചെയ്തപ്പോൾ വളരെയധികം സന്തോഷവും സംതൃപ്തിയുമുണ്ടായി. കവിതയെ സ്‌നേഹിക്കുന്നവർക്ക് മുമ്പിൽ ഇനിയും അവതരിപ്പിക്കണമെന്നുണ്ട്.


മായ രാജേഷ്

Advertisement
Advertisement