രാജ്യത്തെ 80 ശതമാനത്തിലധികം ജനങ്ങളെയും കൊവിഡ് ബാധിച്ചു; വരും മാസങ്ങളിൽ രോഗബാധയിൽ അപകടകരമാം വിധം വർദ്ധനവുണ്ടാകുമെന്ന് ചൈന

Sunday 22 January 2023 8:11 PM IST

ബീജിംഗ്: രാജ്യത്തെ ഭൂരിഭാഗം ജനങ്ങളെയും കൊവിഡ് ബാധിച്ചു കഴിഞ്ഞുവെന്ന് ചൈന. 80 ശതമാനം വരുന്ന ജനസംഖ്യയെ കൊവിഡ് ബാധിച്ചതായും വരുന്ന രണ്ട്, മൂന്ന് മാസങ്ങൾക്കുള്ളിൽ ചൈനയിലെ രോഗബാധ അപകടകരമാം വിധം വർദ്ധിക്കുമെന്നാണ് അന്താരാഷ്ട്ര വാർത്താമാദ്ധ്യമത്തിന്റെ റിപ്പോർട്ട്.

പുതുവത്സര ആഘോഷത്തിനിടയിൽ ആളുകൾ മുൻകരുതലില്ലാതെ ഒത്തുകൂടിയതാണ് രോഗവർദ്ധനവിന് കാരണമെന്നാണ് വിവരം.ഇത് മൂലം കൊവിഡ് ബാധ രൂക്ഷമായതായും പുറത്തു വരുന്ന റിപ്പോർട്ടുകളേക്കാൾ ഭീകരമാണ് ചൈനയിലെ അവസ്ഥയെന്നുമാണ് രാജ്യാന്തര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

പുതിയ വകഭേദം മൂലം കഴിഞ്ഞ ഡിസംബര്‍ മാസം മുതല്‍ ചൈനയില്‍ കൊവിഡ് വ്യാപനം രൂക്ഷമാണെന്ന രീതിയിലുള്ള വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ആവശ്യത്തിന് സൗകര്യങ്ങളില്ലാതെ പൊതുജനം മരണപ്പെടുന്നതും നിറഞ്ഞു കവിഞ്ഞ ആശുപത്രികളുടെയും അടക്കം വ്യാപനത്തിന്റെ രൂക്ഷത വെളിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ ഈ കാലയളവില്‍ സാമൂഹ്യ-അന്താരാഷ്ട്ര മാദ്ധ്യമങ്ങളാൽ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

രാജ്യത്തെ കേസുകള്‍ വര്‍ദ്ധിച്ച് തുടങ്ങിയ സമയത്ത് കൊവിഡ് ബാധ പിടിച്ചുകെട്ടാനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച കനത്ത നിയന്ത്രണങ്ങള്‍ക്കെതിരെ പൊതുജനം തെരുവിലിറങ്ങിയ സ്ഥിതിവിശേഷം ചൈനയില്‍ ഉടലെടുത്തിരുന്നു. ഒടുവില്‍ വ്യവസ്ഥകളില്‍ അയവ് വരുത്താന്‍ ചൈനീസ് ഗവണ്‍മെന്റ് നിര്‍ബന്ധിതരായി. കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതിന് പിന്നാലെയാണ് രാജ്യത്ത് രോഗികളുടെയും മരണങ്ങളുടെയും എണ്ണത്തില്‍ കുതിച്ചുചാട്ടമുണ്ടായത്.

ഈ സമയങ്ങളിലൊന്നും തന്നെ രാജ്യത്തെ രോഗവ്യാപനത്തിന്റെ തീവ്രത ഔദ്യോഗികമായി അംഗീകരിക്കാനോ കേസുകളെക്കുറിച്ചും മരണങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിക്കാനോ ചൈന തയ്യാറായിരുന്നില്ല. എന്നാല്‍ രോഗവ്യാപനം രൂക്ഷമായതിന് പിന്നാലെ 2022 ഡിസംബര്‍ എട്ട് മുതല്‍ ഈ മാസം 12 വരെയുള്ള കണക്കുകള്‍ ചൈന ഔദ്യോഗികമായി പങ്കുവെച്ചിരിന്നു.

കണക്കുപ്രകാരം ഈ കാലയളവിൽ 59,938 മരണങ്ങളാണ് കൊവിഡ് മൂലം ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ 5,503 പേരുടെ മരണകാരണം കൊവിഡ് ബാധ മൂലമുള്ള ശ്വാസകോശ രോഗങ്ങള്‍ സങ്കീര്‍ണമായാണ്. ഹൃദ്രോഗസംബന്ധമായത് അടക്കം പലഗുരുതര രോഗങ്ങളുള്ള 54,435 പേരും കൊവിഡ് ബാധ മൂലം മരണപ്പെട്ടിട്ടുണ്ട്. ചൈനീസ് നാഷണല്‍ ഹെല്‍ത്ത് മിഷന് കീഴിലുള്ള മെഡിക്കല്‍ അഡ്‌മിനിസ്‌ട്രേഷന്‍ ബ്യൂറോയായിരുന്നു രോഗബാധ മൂലം മരണപ്പെട്ടവരുടെ കണക്ക് പുറത്തുവിട്ടത്. ഇതിനിടയിലാണ് രാജ്യത്തെ നിലവിലെ സ്ഥിതിയെ കുറിച്ചുള്ള വാർത്തകളും പുറത്തു വന്നത്.

Advertisement
Advertisement