പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഗർഭിണിയാക്കിയ കേസിൽ പ്രതിയെ 100 വർഷം കഠിന തടവിന് വിധിച്ചു
പത്തനംതിട്ട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് 100 വർഷം കഠിനതടവ്, പ്രമാടം കൈതക്കര സ്വദേശി ബിനുവിനെയാണ് പത്തനംതിട്ട പോക്സോ കോടതി ശിക്ഷിച്ചത്. തടവിന് പുറമെ രണ്ടരലക്ഷം രൂപ പിഴയും കോടതി വിധിച്ചു. തുക പെൺകുട്ടിക്ക് നൽകണം. ശിക്ഷ ഒന്നിച്ചോ അല്ലാതെയോ അനുഭവിക്കാം.
ഒന്നിച്ച് അനുഭവിക്കുകയാണെങ്കിൽ 80 വർഷം തടവിൽ കഴിയണം.
2020ലായിരുന്നു കേസിനാസ്പദമായ സംഭവം. ബിനുവിന്റെ വീടിന്റെ അടുത്താണ് പെൺകുട്ടിയുടെ ബന്ധുവീട്. ഇവിടെയെത്തിയ പെൺകുട്ടിയെ ഇയാൾ പീഡിപ്പിക്കുകയായിരുന്നു. ഗർഭിണിയായതോടെ ബന്ധുക്കൾ പെൺകുട്ടിയോട് കാര്യങ്ങൾ തിരക്കിയപ്പോഴാണ് പീഡനത്തിനിരയായത് അറിഞ്ഞത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതിനെതുടർന്ന് ബിനു ഒളിവിൽ പോയി. പിന്നീട് നടന്ന അന്വേഷണത്തിൽ പത്തനംതിട്ട വനിതാ പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പീഡനം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് പൊലീസ് കേസെടുത്തത്.