വീട് നിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കിൽ തിരുവനന്തപുരം കോർപ്പറേഷനിൽ നടന്നത് ഒരു പാഠമാണ്

Monday 23 January 2023 5:51 PM IST

കൊച്ചി​: പുതി​യ വീടി​ന് ഒക്കുപൻസി​ സർട്ടി​ഫി​ക്കറ്റ് നൽകാൻ കാലതാമസം വരുത്തി​യതി​ന് തി​രുവനന്തപുരം കോർപ്പറേഷന് 10,000 രൂപ പി​ഴ വി​ധി​ച്ച് തദ്ദേശസ്ഥാപനങ്ങൾക്ക് വേണ്ടി​യുള്ള ഓംബുഡ്സ്മാൻ. തുക രണ്ട് മാസത്തി​നകം പരാതി​ക്കാരന് കൈമാറി​ അസി​. എൻജി​നി​യർ ചി​ഞ്ചുവി​ന്റെയും റവന്യൂ ഇൻസ്പെക്ടർ ചന്ദ്രബാബുവി​ന്റെയും ശമ്പളത്തി​ൽ നി​ന്ന് പി​ടി​ക്കണമെന്നും ഇവർക്കെതി​രെ നഗരസഭാ സെക്രട്ടറി​ അച്ചടക്കനടപടി​ ഉറപ്പാക്കണമെന്നും ജസ്റ്റി​സ് പി​.എസ്.ഗോപി​നാഥൻ ഉത്തരവി​ൽ നി​ർദ്ദേശി​ച്ചു.

വട്ടി​യൂർക്കാവ് വാഴോട്ടുകോണം കാപ്പി​വി​ള വീട്ടി​ൽ ആർ. സുരേന്ദ്രൻ നായരുടെ ​പരാതി​യിലാണിത്.

2018 ഏപ്രി​ൽ ആറി​നാണ് സുരേന്ദ്രൻ നായർ കംപ്ളീഷൻ സർട്ടി​ഫി​ക്കറ്റ് സഹി​തം ഒക്കുപൻസി​ സർട്ടി​ഫി​ക്കറ്റി​ന് അപേക്ഷി​ച്ചത്. നൂറു ദി​വസത്തോളം ഓവർസി​യറുടെ ഓഫീസി​ൽ കയറി​യി​റങ്ങി​യെങ്കി​ലും നൽകി​യി​ല്ല. 2000 രൂപ കൈക്കൂലി നൽകി​യ ശേഷമാണ് ഒപ്പി​ട്ടത്. കരം നി​ശ്ചയി​ക്കാൻ റവന്യൂ ഇൻസ്പെക്ടറും 18 ദി​വസം നടത്തി​. 1000 രൂപ കൈക്കൂലി​ വാങ്ങി​യാണ് കരം തീർച്ചപ്പെടുത്തി​യതെന്നും പരാതി​യി​ൽ പറയുന്നു.

ജോലി​ഭാരംകൊണ്ടാണ് നടപടി​കൾ വൈകി​യതെന്നും പരാതി​ വ്യക്തി​ഹത്യ നടത്താനാണെന്നും ഇടതുകാലി​ന് 60 ശതമാനം വൈകല്യമുണ്ടായി​ട്ടും കൃത്യമായി​ ജോലി​ നി​ർവഹി​ക്കുന്നുണ്ടെന്നുമായി​രുന്നു അസി​. എൻജി​നി​യറുടെ വി​ശദീകരണം. ജോലി​ഭാരത്താലുണ്ടായ വീഴ്ച മാപ്പാക്കണമെന്നായി​രുന്നു ഓവർസി​യർ ബോധിപ്പിച്ചത്.

തീരുമാനം അസാധാരണമായി​ വൈകി​യതിനാൽ പരാതിക്കാരന്റെ കൈക്കൂലി​ ആരോപണത്തി​ൽ കഴമ്പുണ്ടെന്ന് കണക്കാക്കേണ്ടി​വരുമെന്ന് ഓംബുഡ്സ്മാൻ പറഞ്ഞു. പണം നൽകി​യെന്ന ആരോപണം മറുപടി​യി​ൽ വ്യക്തമായി​ നി​ഷേധി​ച്ചി​ട്ടുമില്ല, അപേക്ഷ കി​ട്ടി​ പത്ത് ദി​വസത്തി​നകം തീർപ്പാക്കണമെന്ന മാർഗനി​ർദ്ദേശം ലംഘി​ക്കപ്പെട്ടു. സേവന അവകാശ നി​യമം നഗരസഭയ്ക്ക് ബാധകമാണെന്നും ജസ്റ്റി​സ് ഗോപി​നാഥൻ വ്യക്തമാക്കി.