പ്രതിഷേധ മാർച്ചിനിടെ സംഘർഷം; യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി കെ ഫിറോസിനെ റിമാൻഡ് ചെയ്തു

Monday 23 January 2023 6:44 PM IST

തിരുവനന്തപുരം: യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി കെ ഫിറോസ് റിമാൻഡിൽ. സെക്രട്ടറിയേറ്റ് മാർച്ചുമായി ബന്ധപ്പെട്ടുണ്ടായ സംഘ‌ർഷത്തിന്റെ പേരിലാണ് യൂത്ത് ലീഗ് നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിനെ തുടർന്ന് വഞ്ചിയൂർ കോടതിയിൽ ഹാജരാക്കിയ പി കെ ഫിറോസിനെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്യുകയായിരുന്നു.

സംസ്ഥാനസർക്കാരിനെതിരെ യൂത്ത് ലീഗ് സംഘടിപ്പിച്ച മാർച്ച് അക്രമാസക്തമായതിന് പിന്നാലെയാണ് ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ പി കെ ഫിറോസിനെ കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്. പൊതു-സ്വകാര്യ മുതലുകൾ നശിപ്പിച്ചു, അനുമതിയില്ലാതെ സെക്രട്ടറിയേറ്റ് മാർച്ച് നടത്തി, പൊലീസുകാരെ ആക്രമിച്ചു, ഗതാഗത തസ്സം സൃഷ്ടിച്ചു അടക്കമുള്ള ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിട്ടുള്ളത്. അറസ്റ്റ് സർക്കാരിന്റെ രാഷട്രീയ പകപോക്കലിന്റെ ഭാഗമാണെന്നും സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നുമായിരുന്നു പി കെ ഫിറോസിന്റെ പ്രതികരണം.

അതേ സമയം മാർച്ചുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിന്റെ പേരിൽ രജിസ്റ്റ‌ർ ചെയ്ത കേസിൽ 28 യൂത്ത് ലീഗ് നേതാക്കൾ റിമാൻഡിലാണ്. കേസിൽ ഒന്നാം പ്രതിയാണ് പി കെ ഫിറോസ്. കയ്യാമവും ജയിലറയും കാണിച്ച് പോരാട്ടവീര്യം കെടുത്താമെന്നത് പിണറായി പൊലീസിന്റെ വ്യാമോഹം മാത്രമാണെന്ന് യൂത്ത് ലീഗ് നേതൃത്വം പ്രതികരിച്ചിരുന്നു.

Advertisement
Advertisement