ആക്കുളം പാലത്തിൽ കണ്ടെയ്നർ ലോറി ഇടിച്ചുകയറി കായലിൽ വീണ ഡ്രൈവർക്ക് അത്ഭുത രക്ഷപ്പെടൽ

Tuesday 24 January 2023 1:50 AM IST

കുളത്തൂർ: പുത്തൻ കാറുകളുമായെത്തിയ കണ്ടെയ്നർ ലോറി നിയന്ത്രണം തെറ്റി ആക്കുളം പാലത്തിന്റെ കൈവരിയിൽ ഇടിച്ചുകയറി. കാബിൻ തകർന്ന് കായലിലേക്ക് തെറിച്ചുവീണ ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള ഡ്രൈവർ ബീഹാർ സ്വദേശി മുഹമ്മദ് നിസാർ ഖാന്റെ (37) പരിക്കുകൾ ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.ഇന്നലെ പുലർച്ചെ നാലോടെ കഴക്കൂട്ടം ഭാഗത്തു നിന്നെത്തിയ ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ സീറ്റിൽ നിന്ന് തെറിച്ച് ഇരുപാലങ്ങൾക്കിടയിലൂടെ ഡ്രൈവർ ചെന്നുവീണത് കുളവാഴയും പുല്ലും നിറഞ്ഞ ആഴംകുറവുള്ള ഭാഗത്തായതിനാൽ ഇയാൾ കായലിൽ മുങ്ങിപ്പോയില്ല. സമീപത്തുണ്ടായിരുന്ന ഹൈവേ പട്രോളിംഗ് സംഘത്തെ വഴിയാത്രക്കാർ അപകടവിവരം അറിയിച്ചു. സ്ഥലത്തെത്തിയ സംഘം തുമ്പ പൊലീസിനെയും കഴക്കൂട്ടം ഫയർഫോഴ്സിനെയും വിവരമറിയിച്ച് രക്ഷാപ്രവർത്തനം നടത്തി. കൈവരിയുടെ മൂന്ന് തൂണുകൾ തകർന്നു. ചാക്ക ലുലു മാളിന് സമീപത്തെ പോപ്പുലർ മാരുതി ഷോറൂമിലേക്ക് കർണാടകയിൽ നിന്ന് കാറുകളുമായെത്തിയ നാഗാലാൻഡ് രജിസ്ട്രേഷനുള്ള ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

അപകടത്തിന് പിന്നാലെ ദേശീയ പാതയിൽ ഇന്നലെ രാവിലെ മുതൽ അതിരൂക്ഷമായ ഗതാഗത കുരുക്കുണ്ടായി. പത്ത് മണിക്കൂറോളം വാഹനങ്ങൾ റോഡിൽ കുടുങ്ങി. ലോറിയിൽ നിന്ന് കാറുകൾ പുറത്തിറക്കി ഷോറൂമിലേക്ക് മാറ്റിയ ശേഷം ഉച്ചയ്‌ക്ക് രണ്ടോടെ ക്രെയിനെത്തിച്ച് ലോറി നീക്കിയ ശേഷമാണ് ഇതുവഴിയുള്ള ഗതാഗതം പൂർവ്വസ്ഥിതിയിലായത്. തിരക്ക് നിയന്ത്രിക്കാൻ പൊലീസ് ഏറെ പണിപ്പെട്ടു.

ദേശീയപാതയിൽ പ്രധാന ഇടങ്ങളിൽ സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ആക്കുളം പാലത്തിൽ ഒന്നുമില്ല. വൈകിട്ട് ആറിന് ശേഷം പാലം മുഴുവനും ഇരുട്ടിലാകും. ഇവിടെ അപകടങ്ങൾ പതിവെന്നാണ് പ്രദേശവാസികൾ പറയുന്നത്.

Advertisement
Advertisement