അധഃസ്ഥിതരുടെ പടനായകൻ

Tuesday 24 January 2023 12:00 AM IST

ഡോ. പി. പല്പുവിന്റെ 73-ാമത് ചരമവാർഷികം നാളെ. കേരളപ്പിറവിക്ക് മുൻപ് മറ്റു നാട്ടുരാജ്യങ്ങളെപ്പോലെ തിരുവിതാംകൂറിലെയും ജനജീവിതം സ്വാതന്ത്ര്യത്തിന്റെയോ സമത്വത്തിന്റെയോ തത്വങ്ങളിൽ അധിഷ്ഠിതമായിരുന്നില്ല. അവർണർ സവർണരെ കണ്ടാൽ എത്രയകലെ മാറിനിൽക്കണമെന്നും എങ്ങനെ ഉപചരിക്കണമെന്നും നിർണയിക്കുന്ന നിയമങ്ങൾതന്നെ പ്രാബല്യത്തിലുണ്ടായിരുന്നു. സാമൂഹിക ഉച്ചനീചത്വങ്ങൾക്ക് പുറമേ വിദ്യാഭ്യാസവും സർക്കാർ ഉദ്യോഗവും അവർണർക്ക് നിഷേധിച്ചു. ഇൗ സാമൂഹികാന്തരീക്ഷത്തിലാണ് 1869 ൽ ഡോ. പല്പുവിന്റെ ജനനം. തിരുവനന്തപുരത്ത് പേട്ടയിലെ തച്ചക്കുടി വീട്ടിൽ പപ്പമ്മ - പത്മനാഭൻ ദമ്പതികളായിരുന്നു മാതാപിതാക്കൾ.

ജാതിവിവേചനത്തിന്റെയും അശാസ്ത്രീയ സാമൂഹ്യ വ്യവസ്ഥിതിയുടെയും ദുരിതങ്ങളിൽ ആടിയുലഞ്ഞ ബാല്യവും കൗമാരവും യൗവനവുമായിരുന്നു പല്പുവിന്റേത്. മികച്ച വിദ്യാർത്ഥിയായിട്ടും പരീക്ഷകളിൽ സവർണവിദ്യാർത്ഥികളെ പിന്തള്ളി ഉന്നതവിജയം കരസ്ഥമാക്കിയിട്ടും മെഡിക്കൽ വിദ്യാഭ്യാസ പ്രവേശന പരീക്ഷയിൽ രണ്ടാം സ്ഥാനക്കാരനായിരുന്നിട്ടും ഇൗഴവ സമുദായത്തിൽ ജനിച്ചതിന്റെ പേരിൽ അദ്ദേഹത്തിന് തിരുവിതാംകൂറിൽ മെഡിക്കൽ പഠനത്തിന് പ്രവേശനം നിഷേധിക്കപ്പെട്ടു.

അത്യന്തം ഹീനവും നിന്ദ്യവുമായ ജാതിഭ്രാന്തിന്റെ തീച്ചൂളയിൽ നിന്നും ഫീനിക്സ് പക്ഷിയെപ്പോലെ ഉയിർത്തെഴുന്നേറ്റ അദ്ദേഹം മദ്രാസ് മെഡിക്കൽ കോളേജിൽ ചേർന്നാണ് ഉന്നതപഠനം പൂർത്തിയാക്കിയത്. ജാതീയമായും സാമൂഹ്യമായും സാമ്പത്തികമായും വളരെയേറെ പ്രതിസന്ധികളുമുണ്ടായിട്ടും അദ്ദേഹം തളർന്നില്ല. എല്ലാ തടസങ്ങളെയും അതിജീവിച്ച പല്പു ഡോ. പല്പുവായി തിരുവിതാംകൂറിൽ മടങ്ങിയെത്തി. എന്നിട്ടും അദ്ദേഹത്തിന് തിരുവിതാംകൂർ മെഡിക്കൽ സർവീസിൽ ഉദ്യോഗം ലഭിച്ചില്ല. തുടർന്ന് ഇന്നത്തെ കർണാടകയായി അദ്ദേഹത്തിന്റെ കർമ്മരംഗം.

മൈസൂറിൽ ഏതാണ്ട് മൂന്ന് ദശാബ്ദത്തോളം ഉന്നതപദവികളിൽ ശോഭിച്ചിരുന്ന അദ്ദേഹം കേരളത്തിലെത്തിയിരുന്നത് പിന്നാക്കവിഭാഗങ്ങളുടെ സാമൂഹ്യ ഉന്നമനത്തിനും പുരോഗതിക്കുമുള്ള പ്രവർത്തനങ്ങൾക്കായിരുന്നു. അതിന് ചാലക ശക്തിയായത് ശ്രീനാരായണ ഗുരുദേവനുമായുള്ള നിരന്തര സമ്പർക്കമായിരുന്നു. ഗുരുധർമ്മത്തിന്റെ പ്രകാശം കൂടാതെ അദ്ദേഹത്തിന്റെ കർമ്മകാണ്ഡം ഒരിടത്തേക്കും വ്യാപരിച്ചില്ല.

1898 ൽ പ്ളേഗ് രോഗം ബാധിച്ച് ശ്മശാനതുല്യമായിത്തീർന്ന ബാംഗ്ളൂർ നഗരത്തിൽ ശവങ്ങളുടെയും മരണാസന്നരുടെയും ഇടയിൽ ദൈവത്തിന്റെ ദാസനായും ഗുരുവിന്റെ ദൂതനായും നിന്നുകൊണ്ട് ആത്മശാന്തിയുടെ സങ്കീർത്തനങ്ങൾ തീർത്ത ഡോ. പല്പുവിന്റെ സേവനമഹത്വം ഭാരതത്തിലെ മറ്റേതൊരു ഭിഷഗ്വരനും മേലെയാണ്. ബാംഗ്ളൂരിന്റെ തെരുവോരങ്ങളിൽ ഭക്ഷണവും വസ്ത്രവുമില്ലാതെ തളർന്നും വിറങ്ങലിച്ചും കിടന്നിരുന്ന ബഹുശതം യാചകരെ രാത്രികാലങ്ങളിൽ അവരറിയാതെ മേൽത്തരം പുതപ്പുകൊണ്ട് പുതപ്പിച്ച ഡോക്ടറെ കാലത്തിന്റെയും ലോകത്തിന്റെയും ചരിത്രത്തിൽ മറ്റെവിടെ കാണാനാവും.

ഭാരതീയ ആദ്ധ്യാത്മികതയുടെ പ്രസന്നഭാവമായിരുന്ന വിവേകാനന്ദ സ്വാമികളെ പരിചരിക്കാനും ആ മഹാമനീഷിയുടെ ഉപദേശങ്ങൾ ശ്രവിക്കാനും ഭാഗ്യമുണ്ടായി ഡോ. പല്പുവിന്. ശ്രീനാരായണഗുരുവായിരുന്നു അദ്ദേഹത്തിനെന്നും മാർഗദർശി. ചിന്നസ്വാമിയെന്ന് പരക്കെ അറിയപ്പെട്ടിരുന്ന കുമാരനാശാനെയും ഡോ. പല്പുവിനെയും ഒന്നിപ്പിച്ചുകൊണ്ടാണ് ഗുരുദേവൻ സാമൂഹ്യ നവോത്ഥാനത്തിന്റെ വീഥിക്ക് വീതികൂട്ടിയത്. നവോത്ഥാനത്തിന്റെ ശംഖഭൂമിയായ അരുവിപ്പുറത്തുനിന്നും പിറന്നുയർന്ന ശ്രീനാരായണ ധർമ്മ പരിപാലനയോഗത്തിന്റെ സംസ്ഥാപനത്തിനും വളർച്ചയ്ക്കും ദൗത്യനിർവഹണത്തിനും ആളും അർത്ഥവുമായി നിലകൊണ്ടതും ഡോ. പല്പുവായിരുന്നു. ചരിത്രത്തിൽ ഉറച്ചുനിൽക്കുന്ന ആ കാല്പാടുകൾ ഒരുകാലത്തും മാഞ്ഞുപോകുന്നതോ മറച്ചുവയ്ക്കാൻ കഴിയുന്നതോ അല്ല.

യാജ്ഞവല്ക്യ മഹർഷിക്ക് ജനകനെപ്പോലെയായിരുന്നു ഗുരുവിന് ഡോ.പല്പു. അദ്ദേഹത്തിന് ഗുരു ഭക്തി പ്രകടിപ്പിക്കാനുള്ളതായിരുന്നില്ല അനുഭവിക്കാനുള്ളതായിരുന്നു. മനുഷ്യനെ നന്നാക്കാനുള്ളതായിരുന്നു. അതിന്റെ ഫലമായാണ് അദ്ദേഹത്തിന്റെ മകൻ നടരാജൻ (നടരാജഗുരു) ഗുരുവരുൾ പ്രകാശം പരത്താനുള്ള നിയോഗത്തിലേക്ക് നയിക്കപ്പെട്ടത്.

ഗുരു മഹാസമാധി പ്രാപിച്ചപ്പോൾ ഡോ. പല്പു മറ്റാരെക്കാളും വികാരാധീനനായിരുന്നു. ആ വികാരക്കടലിൽ മുങ്ങിത്താണ അദ്ദേഹം സമാധിയുടെ ഇരുപത്തിനാലാം നാളിൽ കൊല്ലത്ത് ചേർന്ന എസ്.എൻ.ഡി.പി യോഗത്തിന്റെ വിശേഷാൽ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചുകൊണ്ട് പറഞ്ഞു "സൂര്യചന്ദ്രന്മാരുള്ള കാലംവരെ സ്വാമി തന്നെ യോഗത്തിന്റെ അദ്ധ്യക്ഷൻ." ഇങ്ങനെ ഗുരുവിന്റെ നിത്യശുദ്ധ മുക്തതാബോധത്തിലമർന്ന് ഗുരുധർമ്മത്തിൽ അടിയുറച്ച് ജീവിച്ച മഹാവ്യക്തിത്വത്തിന് ഉടമയായിരുന്നു അദ്ദേഹം.

ധാർമ്മിക മൂല്യങ്ങളിൽ യാതൊരു വിട്ടുവീഴ്ചയും അനുവദിക്കാത്ത ഡോ. പല്പുവിന്റെ പ്രകൃതം എക്കാലവും സാമൂഹ്യ സേവനത്തിനിറങ്ങുന്നവർക്ക് മഹാമാതൃകയാണ്. ഗുരുവിന്റെ തത്വസംഹിതകളെ തന്റെ ഹൃദയാകാശത്തിൽ പതിപ്പിച്ചുകൊണ്ടാണ് അദ്ദേഹം സാമൂഹ്യരംഗത്ത് എപ്പോഴും നിലകൊണ്ടത്. ചുരുക്കിപ്പറഞ്ഞാൽ ഗുരു ഉണ്ടാക്കിയതോ, ഗുരുവിൽനിന്നുണ്ടായതോ ആയ ആത്മീയോത്‌കർഷത്തിന്റെയും നവോത്ഥാനത്തിന്റെയും അലയൊലികൾ സമൂഹത്തിലെങ്ങും മാറ്റങ്ങൾ സൃഷ്ടിക്കുന്നത് അദ്ദേഹം കൃത്യമായി അറിയുന്നുണ്ടായിരുന്നു. കേരള ചരിത്രത്തിൽ മറയ്ക്കപ്പെടാനാവാത്ത വ്യക്തിമുദ്ര പതിപ്പിച്ചാണ് അദ്ദേഹം ജീവിതത്തിന് വിരാമം കുറിച്ചത്. അദ്ദേഹത്തിന്റെ ആദർശശുദ്ധിയും കർമ്മശുദ്ധിയും എന്നും അനുകരണീയമാണ്. ഗുരുദേവ ദർശനത്തിന്റെ സാമൂഹികതലത്തെ ഇത്രമാത്രം ഉൾക്കൊള്ളുകയും ഇത്രകണ്ട് വ്യാപരിപ്പിക്കുകയും ഇത്രയും പരിവർത്തിപ്പിക്കുകയും ചെയ്ത ആധുനിക കേരളത്തിന്റെ ശില്പികളിൽ പ്രമുഖനും അവിസ്മരണീയനുമാണ് ഡോ. പല്പു. അതുകൊണ്ടാണ് എത്ര തമസ്കരിക്കാൻ നോക്കിയാലും ചരിത്രത്താളുകളിൽ ഡോ. പല്പു എന്ന മഹാവ്യക്തിത്വം ഇന്നും ശോഭിക്കുന്നത്.

(ഡോ. പല്പു ഗ്ളോബൽ മിഷൻ ചെയർമാനാണ് ലേഖകൻ).

Advertisement
Advertisement