നാവിക സേനയ്ക്ക് പുതിയ കരുത്ത്; ഐഎൻഎസ് വാഗിർ കമ്മിഷൻ ചെയ്തു

Tuesday 24 January 2023 2:01 AM IST

മുംബയ്: ഇന്ത്യൻ സമുദ്ര പ്രതിരോധ മേഖലയ്ക്ക് കരുത്തായി മുങ്ങിക്കപ്പൽ ഐ.എൻ.എസ് വാഗിർ കമ്മിഷൻ ചെയ്തു. മുംബയ് നാവിക സേന ആസ്ഥാനത്ത് നടന്ന ചടങ്ങിൽ നാവിക സേന മേധാവി ആർ. ഹരികുമാർ വാഗിർ രാജ്യത്തിന് സമർപ്പിച്ചു. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച കപ്പലാണിത്.

കൽവാരി ശ്രേണിയിൽപ്പെട്ട അഞ്ചാം അന്തർവാഹിനിയായ ഐ.എൻ.എസ്. വാഗിർ സമുദ്രോപരിതലത്തിലും അടിത്തട്ടിലും ഒരുപോലെ എതിരാളികളെ നേരിടും. നിരീക്ഷണം,വിവരശേഖരണം എന്നീ ദൗത്യങ്ങളും നിറവേറ്റും. അതി ശക്തമായ ആയുധ പാക്കേജുകളും അത്യാധുനിക സാങ്കേതിക വിദ്യയുമുള്ള കപ്പലിന് ലോക നിലവാരത്തിലുള്ള സെൻസറുകളും സർവൈലൻസ് സംവിധാനവുമാണുള്ളത്.

അതിവേഗം സഞ്ചരിക്കാനാകുന്ന ആകൃതിയും എതിരാളികളെ കൃത്യമായി ആക്രമിക്കാനുള്ള കഴിവും കപ്പലിന്റെ പ്രത്യേകതയാണ്. എതിരാളികളുടെ മുങ്ങിക്കപ്പലുകളും യുദ്ധക്കപ്പലുകളുമടക്കം തകർക്കാനാകും. നാവികസേനയുടെ പ്രോജക്ട് 75ന്റെ ഭാഗമായി ഫ്രഞ്ച് കമ്പനിയായ ഡി.സി.എൻ.എസിന്റെ സഹകരണത്തോടെ മുംബയിലെ മസഗോൺ ഡോക്ക് കപ്പൽ ശാലയിലാണ് വാഗിർ നിർമ്മിച്ചത്. വാഗിറിന്റെ ശേഷി രാജ്യത്തിന്റെ പ്രതിരോധത്തിന് ശക്തി പകരുമെന്ന് ആർ. ഹരികുമാർ പറഞ്ഞു.

ഇത് ചെറിയ നേട്ടമല്ല, ഇന്ത്യയുടെ കപ്പൽ നിർമ്മാണ വ്യവസായത്തിന്റെ വളർച്ചയും പ്രതിരോധ മേഖലയുടെ ശക്തിയും അടിവരയിടുന്ന നേട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു.വാഗിറിൽ ലോകത്തിലെ തന്നെ മികച്ച സെൻസറുകളും സർവൈലൻസ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.

നിലവിൽ കൽവാരി ശ്രണിയിൽപ്പെട്ട നാല് അത്യാധുനിക അന്തർവാഹിനികൾ നാവികസേനയ്ക്ക് സ്വന്തമാണ്.

കൽവാരി അന്തർവാഹിനികളിൽ അവസാനത്തേതായ വാഗ്ഷിർ നിർമ്മാണത്തിന്റെ പുരോഗമന ഘട്ടത്തിലാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ കാണപ്പെടുന്ന മാരകമായ വാഗിർ സാൻഡ് മത്സ്യത്തിന്റെപേരാണ് അന്തർവാഹിനിക്ക് നൽകിയത്. ഇര പിടിക്കാനുള്ള വാഗിർ മത്സ്യങ്ങളുടെ മിടുക്ക് വളരെ പ്രശസ്തമാണ്. അതുകൊണ്ടാണ് കപ്പലിന് വാഗിർ എന്ന പേര് നല്കിയത്.

Advertisement
Advertisement