ടിക്കറ്റെടുത്താലും ചെവി പൊത്തണം സ്വകാര്യ ബസുകളിൽ "എടീ, പോടീ" വിളി !

Tuesday 24 January 2023 1:46 AM IST

തൃശൂർ : പണം കൊടുത്ത് യാത്ര ചെയ്യുമ്പോഴും സ്വകാര്യബസുകളിൽ സ്ത്രീകൾക്ക് ലഭിക്കുന്നത് ചീത്തവിളിയും മോശം പെരുമാറ്റവും. ഇത് സംബന്ധിച്ച പരാതികളുടെ എണ്ണം കൂടിയതോടെ നടപടികളുമായി മോട്ടോർ വാഹന വകുപ്പ്. മോശമായി പെരുമാറിയ മൂന്ന് സ്വകാര്യ ബസ് ജീവനക്കാരുടെ ലൈസൻസ് ഇതിനോടകം മോട്ടോർ വാഹന വകുപ്പ് റദ്ദാക്കി. പല തവണ താക്കീത് ചെയ്തിട്ടും വീണ്ടും പരാതി ലഭിച്ചതോടെ ലൈസൻസ് റദ്ദാക്കി. സംസ്ഥാനത്ത് ഇത്തരത്തിൽ ഏറ്റവും കൂടുതൽ പരാതി ലഭിക്കുന്നത് ജില്ലയിലാണെന്നും പറയുന്നു.

ജീവനക്കാർക്ക് പുറമേ യാത്രക്കാരിൽ നിന്നും മോശം പെരുമാറ്റം കൂടിവരുന്നതായുള്ള നിരവധി പരാതികളാണ് മോട്ടോർ വാഹന വകുപ്പിന് ലഭിക്കുന്നത്. രാത്രി ഏഴിന് ശേഷം സ്ത്രീകൾ പറയുന്ന സ്ഥലത്ത് ഇറക്കണമെന്ന നിയമം പോലും പാലിക്കുന്നില്ലെന്നും ആവശ്യം ഉന്നയിച്ചാൽ മോശമായി പെരുമാറുന്നതായും പരാതിയുണ്ട്. എടീ, പോടി തുടങ്ങിയ പദങ്ങളാണ് പലപ്പോഴും ഉപയോഗിക്കുന്നത്. സ്ത്രീകൾ യാത്രാ ടിക്കറ്റ് ചോദിച്ചാൽ കൊടുക്കാത്ത സാഹചര്യവുമുണ്ട്.

വിദ്യാർത്ഥിനികൾക്ക് നേരെയും മോശമായി പെരുമാറുന്നുണ്ട്. ലൈംഗികാതിക്രമങ്ങളുടെ പരാതികളുമുണ്ട്. രാവിലെയും വൈകീട്ടുമുള്ള സമയങ്ങളിലാണ് മോശം പെരുമാറ്റം കൂടുതൽ. എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ബസുകളിൽ പരിശോധനകളും മറ്റും നടന്നു വരികയാണ്. സ്ത്രീകൾക്കായി സംവരണം ചെയ്ത സീറ്റുകളിൽ മറ്റുള്ളവർ ഇരുന്നാൽ മാറ്റിയിരുത്താൻ പോലും പല ജീവനക്കാരും ശ്രമിക്കാറില്ലെന്നും പറയുന്നു. അതേസമയം നല്ല രീതിയിൽ പെരുമാറുന്ന വലിയൊരു വിഭാഗം ജീവനക്കാരുണ്ട്. എന്നാൽ ചിലർ നടത്തുന്ന പ്രവൃത്തികൾ എല്ലാവരെയും ബാധിക്കുമെന്ന് ബസ് ജീവനക്കാർ പറയുന്നു.

ഓട്ടോയ്ക്ക് ഗുഡ് സർട്ടിഫിക്കറ്റ്

മുമ്പ് ഓട്ടോക്കാർക്കെതിരെ വ്യാപക പരാതികൾ ഉയർന്നിരുന്നെങ്കിലും ഇപ്പോൾ അവരുടെ ഭാഗത്ത് നിന്ന് അത്തരത്തിലുള്ള പെരുമാറ്റം സംബന്ധിച്ച പരാതി വളരെ ചുരുക്കമാണെന്ന് അധികൃതർ പറയുന്നു. ഒരു കൊല്ലത്തിനുള്ളിൽ രണ്ടോ മൂന്നോ പരാതികളേ ലഭിച്ചിട്ടുള്ളൂവെന്നും ആർ.ടി.ഒ പറഞ്ഞു.


എയർഹോണിനെതിരെ കർശനം

സ്വകാര്യബസുകളിൽ എയർഹോൺ ഉപയോഗിക്കുന്നതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആർ.ടി.ഒ പറഞ്ഞു. പല തവണ എടുത്തു മാറ്റിയിട്ടും പിന്നെയും ഉപയോഗിക്കുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്. പിഴയ്ക്ക് ഒപ്പം പെർമിറ്റ് റദ്ദാക്കുന്നത് ഉൾപ്പടെയുള്ള നടപടി സ്വീകരിക്കേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.


സ്വകാര്യ ബസുകളിൽ സ്ത്രീകൾക്കെതിരെയുള്ള മോശം പെരുമാറ്റം വർദ്ധിച്ചുവരുന്ന പരാതി ലഭിക്കുന്നുണ്ട്. സ്ത്രീകൾക്ക് യാത്രാ സുരക്ഷ ഒരുക്കുന്നതിന് കർശന നടപടിയെടുക്കും. ഇതിനോടകം മൂന്ന് പേരുടെ ലൈസൻസ് റദ്ദാക്കി. എല്ലാ താലൂക്കിലും മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരുടെ നേതൃത്വത്തിൽ പരിശോധന നടത്തിവരുന്നുണ്ട്. കുറ്റക്കാർക്കെതിരെ നടപടിയെടുക്കും.

കെ.കെ.സുരേഷ് ബാബു
ആർ.ടി.ഒ

Advertisement
Advertisement