ടുലിപ് പൂക്കളെ വരവേറ്റ് ആംസ്‌റ്റർഡാം

Tuesday 24 January 2023 6:11 AM IST

ആംസ്‌റ്റർഡാം: വിവിധ വർണങ്ങളിലെ അതിമനോഹരമായ ടുലിപ് പുഷ്പങ്ങൾ പരവതാനി പോലെ വിടർന്നുനിൽക്കുന്ന സീസണെ വരവേൽക്കാൻ ഒരുങ്ങുകയാണ് നെതർലൻഡ്സ്. നെതർലൻഡ്സിൽ ടുലിപ് സീസണിന്റെ തുടക്കം അടയാളപ്പെടുത്തുന്നത് തലസ്ഥാനമായ ആംസ്റ്റർഡാമിലെ നാഷണൽ ടുലിപ് ഡേ ആഘോഷത്തിലൂടെയാണ്.

ഡച്ച് ടുലിപ് ഗ്രോവേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് ആഘോഷങ്ങൾ. ഇക്കഴിഞ്ഞ ശനിയാഴ്ച നടന്ന നാഷണൽ ടുലിപ് ഡേ ഫെസ്റ്റിവൽ ആഘോഷിക്കാൻ ആയിരക്കണക്കിന് പേരാണ് എത്തിയത്. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഫെസ്റ്റിവൽ ഗംഭീരമായി ആഘോഷിക്കുന്നത്.

നഗരത്തിലെ പ്രശസ്തമായ മ്യൂസിയം സ്ക്വയറിന് മുന്നിൽ സൗജന്യമായി ടുലിപ് പൂക്കൾ ശേഖരിക്കാൻ സന്ദർശകർക്ക് അവസരമൊരുക്കുന്ന ഗാർഡനായിരുന്നു ഫെസ്റ്റിവലിന്റെ പ്രധാന ആകർഷണം. ഏകദേശം 200,000ത്തിലേറെ ടുലിപ് പൂക്കൾ ഇവിടെയുണ്ടായിരുന്നു.

പ്രാദേശിക മാദ്ധ്യമങ്ങളുടെ കണക്ക് പ്രകാരം ഏകദേശം 18,000 പേരാണ് ടുലിപ് പുഷ്പങ്ങൾ സൗജന്യമായി സ്വന്തമാക്കാൻ ഇത്തവണ ഗാർഡനിലേക്കെത്തിയത്. ഒരാൾക്ക് പരമാവധി 20 പൂക്കൾ വരെ സ്വന്തമാക്കാം. മൂന്ന് മണിക്കൂറിനുള്ളിൽ ഗാർഡനിൽ പൂക്കളെല്ലാം അപ്രത്യക്ഷമായി. എല്ലാവർഷവും ജനുവരി മാസത്തിലെ മൂന്നാം ശനിയാഴ്ചയാണ് ആംസ്റ്റർഡാമിലെ ടുലിപ് ഡേ ആഘോഷം.

അതേ സമയം, യൂറോപ്പിലെ ഏറ്റവും വലിയ പൂന്തോട്ടമായ ക്യൂകെൻഹോഫിലടക്കം നെതർലൻഡ്സിന്റെ വിവിധ ഭാഗങ്ങളിൽ മാർച്ച് അവസാനത്തോടെയാണ് ടുലിപ് പൂക്കൾ പൂക്കുന്നത്. യൂറോപ്പിന്റെ പൂന്തോട്ടമെന്നറിയപ്പെടുന്ന സൗത്ത് ഹോളണ്ട് പ്രവിശ്യയിലെ ലെസ്സിൽ സ്ഥിതി ചെയ്യുന്ന ക്യൂകെൻഹോഫിൽ വിരിയുന്ന ലക്ഷക്കണക്കിന് ടുലിപ് പൂക്കൾ കാണാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിന് സഞ്ചാരികളെത്തും.

Advertisement
Advertisement