തണുത്തുറഞ്ഞ് ചൈനയുടെ ഉത്തര ധ്രുവം!

Tuesday 24 January 2023 6:11 AM IST

ബീജിംഗ് : ചൈനയുടെ വടക്കേയറ്റത്തുള്ള നഗരമായ മോഹെയിൽ താപനിലയിൽ റെക്കാഡ് താഴ്ച. ' ചൈനയുടെ ഉത്തര ധ്രുവം " എന്നറിയപ്പെടുന്ന മോഹെ റഷ്യൻ അതിർത്തിയോട് ചേർന്ന് ഹെയ്‌ലോംഗ്‌ജിയാംഗ് പ്രവിശ്യയിലാണ് സ്ഥിതി ചെയ്യുന്നത്. ഞായറാഴ്ച പ്രാദേശിക സമയം രാവിലെ 7 മണിക്ക് ഇവിടെ - 53 ഡിഗ്രി സെൽഷ്യസാണ് ( - 63 ഫാരൻഹീറ്റ് ) രേഖപ്പെടുത്തിയത്. മോഹെയിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും താഴ്ന്ന താപനിലയാണിത്. ഇതിന് മുന്നേ 1969ൽ - 52.3 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയതായിരുന്നു ഏറ്റവും താഴ്ന്ന താപനില. അതേ സമയം, 2009 ഡിസംബറിൽ ഇന്നർ മംഗോളിയയിലെ ജെൻഹെ നഗരത്തിൽ റെക്കാഡ് ചെയ്ത - 58 ഡിഗ്രി സെൽഷ്യസാണ് ചൈനയിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും താഴ്ന്ന താപനില. മോഹെ നഗരത്തിൽ ശൈത്യകാലം ഏകദേശം എട്ട് മാസം വരെ നീളാറുണ്ട്. അതുകൊണ്ട് തന്നെ ടൂറിസ്റ്റുകളുടെ ആകർഷണ കേന്ദ്രം കൂടിയാണിവിടം. ഐസ്, സ്നോ പാർക്കുകളും സ്കീയിംഗ് കേന്ദ്രങ്ങളും ഇവിടെയുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ ഇവിടെ വിന്റർ മാരത്തണുകളും നടത്തിയിരുന്നു. ഈ വർഷം ഈ സമയം മോഹെയിൽ ശരാശരി - 15 ഡിഗ്രി സെൽഷ്യസായിരുന്നു കാണേണ്ടിയിരുന്നത്. എന്നാൽ വെള്ളിയാഴ്ച മുതൽ തുടർച്ചയായ മൂന്ന് ദിവസങ്ങളിലും - 50 ഡിഗ്രി സെൽഷ്യസിന് താഴെയാണ് മോഹെയിൽ താപനില രേഖപ്പെടുത്തിയത്. ഭക്ഷണ പദാർത്ഥങ്ങളും മറ്റും പുറത്തെ അന്തരീക്ഷത്തിൽ സെക്കന്റുകൾക്കുള്ളിൽ ഐസാകുന്ന വീഡിയോ മോഹെ നിവാസികൾ ചൈനീസ് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നുണ്ട്. ശൈത്യം മാത്രമല്ല ഉഷ്ണകാലവും ചൈനയിൽ കടുപ്പമേറി വരികയാണ്. കഴിഞ്ഞ 60 വർഷത്തിനിടെയുള്ള ഏറ്റവും ചൂടേറിയ ഉഷ്ണകാലമാണ് ചൈനയിൽ കടന്നുപോയത്.

Advertisement
Advertisement