ഉത്തരേന്ത്യയിലല്ല ഇത്  നമ്പർ 1 കേരളത്തിന്റെ തലസ്ഥാനത്ത്, പീഡിപ്പിച്ചയാൾക്കു തന്നെ പതിനാറുകാരിയായ മകളെ രാത്രിയിൽ വിവാഹം കഴിപ്പിച്ചയച്ചു, പിതാവടക്കം മൂന്ന് പേർ പിടിയിൽ 

Tuesday 24 January 2023 9:14 AM IST

നെടുമങ്ങാട് : പീഡിപ്പിച്ചയാളുമായി പതിനാറുകാരിയായ മകളെ വിവാഹം കഴിപ്പിച്ച സംഭവത്തിൽ പിതാവടക്കം മൂന്ന് പേർ അറസ്റ്റിലായി. നെടുമങ്ങാട് പനവൂർ സ്വദേശികളായ അൽഅമീർ(23), വിവാഹം നടത്തിക്കൊടുത്ത ഉസ്താദ് അൻസർ സാവത്ത് (39) എന്നിവരും പെൺകുട്ടിയുടെ അച്ഛനെയുമാണ് നെടുമങ്ങാട് സി.ഐ സതീഷും സംഘവും അറസ്റ്റുചെയ്തത്. 18ന് രാത്രി 8ന് പെൺകുട്ടിയുടെ വീട്ടിൽ അൽ അമീറിന്റെ ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ രഹസ്യമായിട്ടായിരുന്നു വിവാഹം.

2021ൽ ഇതേ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ അമീർ നാല് മാസം മുമ്പാണ് ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. പെൺകുട്ടിയെ വിവാഹം കഴിക്കാമെന്നും അതുവഴി തനിക്കെതിരെയുള്ള കേസ് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് അമീർ പെൺകുട്ടിയുടെ പിതാവിനെ സമീപിച്ചു. പിതാവ് ഇതിന് വഴങ്ങി. പ്രമേഹത്തെ തുടർന്ന് കാലിലെ വിരലുകൾ മുറിച്ചുമാറ്റിയതിനാൽ ചികിത്സയിലാണ് പെൺകുട്ടിയുടെ പിതാവ്. പ്ലസ് ടു വിദ്യാർത്ഥിയായ പെൺകുട്ടിയുടെ അമ്മ നേരത്തെ മരിച്ചു. പെൺകുട്ടി സ്‌കൂളിൽ വരാതിരുന്നതിനെ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് വിവാഹം കഴിഞ്ഞുവെന്നും ഇത് നിർബന്ധത്തിലാണെന്നുമറിഞ്ഞത്.

പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മൂന്നു പേരെ അറസ്റ്റു ചെയ്തത്.അമീറിന്റെ അയൽക്കാരനും തൃശൂരിലെ ഒരു പള്ളിയിൽ ഉസ്താദുമാണ് അൻസർ. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.