ചാണകം കൊണ്ടുണ്ടാക്കിയ വീടുകൾ റേഡിയേഷനെ പ്രതിരോധിക്കും, ഗോമൂത്രം മാരകരോഗങ്ങൾ ഭേദമാക്കുമെന്ന് കോടതി

Tuesday 24 January 2023 11:07 AM IST

അഹമ്മദാബാദ്: പശുവിൻ ചാണകം കൊണ്ട് നിർമിച്ച വീടുകൾക്ക് ആറ്റോമിക് റേഡിയേഷനുകളെ പ്രതിരോധിക്കാനാകുമെന്ന് ശാസ്ത്രം തെളിയിച്ചിട്ടുണ്ടെന്ന് ഗുജറാത്തിലെ കോടതി. ഗുജറാത്തിലെ താപി ജില്ലയിലെ സെഷൻസ് കോടതി ജ‌ഡ്‌ജി സാമിർ വ്യാസ് ആണ് രാജ്യത്തെ പശുക്കളെ സംരക്ഷിക്കേണ്ടതുണ്ടെന്ന് പറഞ്ഞുകൊണ്ട് പഴുവിൻ ചാണകത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് എടുത്തുപറഞ്ഞത്. ഗുജറാത്തിൽ നിന്ന് മഹാരാഷ്ട്രയിലേയ്ക്ക് പശുക്കളെ കടത്തിയെന്നപ്പേരിൽ കഴിഞ്ഞവർഷം നവംബറിൽ 22കാരന് ജീവപര്യന്തം തടവുശിക്ഷ വിധിക്കുന്നതിനിടെയായിരുന്നു കോടതിയുടെ നിരീക്ഷണം.

ഭേദമാക്കാനാകാത്ത പലരോഗങ്ങളും പശുവിൻ മൂത്രംകൊണ്ട് ഭേദമാക്കാൻ സാധിക്കും. പശു ഒരു മൃഗം മാത്രമല്ല, മറിച്ച് അമ്മയുമാണ്. പശുവിന്റെ രക്തം ഭൂമിയിൽ വീഴുന്നത് അവസാനിക്കുന്നയന്ന് ലോകത്തിലെ സകല പ്രശ്നങ്ങളും തീരും. പശുക്കളെ സംരക്ഷിക്കുന്നതിനെക്കുറിച്ച് നമ്മൾ സംസാരിക്കുമെങ്കിലും അതൊന്നും നടപ്പിലാക്കുന്നില്ല. പശുവിനെ കശാപ്പു ചെയ്യുന്നതും കടത്തുന്നതും പതിവാകുന്നു. ഇത് സംസ്കാര സമ്പന്നമായ സമൂഹത്തിന് അപമാനമാണ്.

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച് 75 വർഷങ്ങൾ പിന്നിട്ടിട്ടും കശാപ്പ് ചെയ്യുന്നതിന്റെ നിരക്ക് ഉയർന്നുതന്നെ നിൽക്കുകയാണ്. പശു മതത്തിന്റെ പ്രതീകമാണ്. പശുവിനെ അടിസ്ഥാനമാക്കിയുള്ള ജൈവകൃഷിയിലൂടെ വിളയുന്ന ഭക്ഷണം പല രോഗങ്ങളിൽ നിന്നും നമ്മെ സംരക്ഷിക്കുന്നു. ഇന്ന് യന്ത്രവത്കൃത അറവുശാലകളിൽ കശാപ്പ് ചെയ്യുന്നതിനാൽ പശുക്കൾ അപകടത്തിലാണ്. മതം പശുവിൽ നിന്നാണ് ജനിച്ചത്, കാരണം മതം പശുവിന്റെ മകനായ 'വൃഷഭ' (കാള) രൂപത്തിലാണെന്നും ജഡ്‌ജി വിധിവാചകത്തിൽ വ്യക്തമാക്കി.

2020 ഓഗസ്റ്റിലാണ് മഹാരാഷ്ട്രയിലെ മലോഗോൺ സ്വദേശിയായ ആമിൻ അഞ്ചുമിനെ താപി പൊലീസ് അറസ്റ്റ് ചെയ്തത്. പതിനാറ് പശുക്കളെയും കാളകളെയും കടത്തിയെന്നായിരുന്നു ഇയാൾക്കെതിരെ ചുമത്തിയ കുറ്റം. ഇയാൾ കുറ്റക്കാരനെന്ന് കണ്ട കോടതി കഴിഞ്ഞ വർഷം ഇയാൾക്ക് ജീവപര്യന്തം വിധിക്കുകയായിരുന്നു.