കൊച്ചിയിൽ 500 കിലോ അഴുകിയ ഇറച്ചി പിടികൂടിയ സംഭവം; വിൽപ്പന കേന്ദ്രത്തിന്റെ ഉടമയും സഹായിയും പിടിയിൽ

Tuesday 24 January 2023 11:29 AM IST

കൊച്ചി: അനധികൃതമായി നടത്തിയിരുന്ന കോഴിയിറച്ചി വിൽപ്പന കേന്ദ്രത്തിൽ നിന്ന് അഴുകിയ ഇറച്ചി പിടികൂടിയ സംഭവത്തിൽ കളമശേരി പൊലീസ് കസ്റ്റഡിയിലെടുത്ത ഉടമ ജുനൈസിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തി. ഇന്നലെ രാത്രിയാണ് ഇയാൾ പൊന്നാനിയിൽ നിന്ന് പിടിയിലായത്. ഇയാളുടെ സഹായി നിസാബിനെയും പൊലീസ് അറസ്റ്റ് ചെയ്തു.

സുനാമി ഇറച്ചി തമിഴ്നാട്ടിൽ നിന്നാണ് സംസ്ഥാനത്തേക്ക് എത്തുന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൊള്ളാച്ചിയിൽ നിന്നടക്കം സുനാമി ഇറച്ചിയെത്തിച്ച ഇടനിലക്കാരനാണ് നിസാബിൻ. ജുനൈസിന്റെ ഫോൺകോളുകളും ബാങ്ക് അക്കൗണ്ട് രേഖകളും പരിശോധിച്ചാണ് ഇയാളെ കണ്ടെത്തിയത്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെയും നാട്ടുകാരുടെ സഹായത്തോടെയുമാണ് ഒളിവിൽ പോയ ജുനൈസിനെ പിടികൂടാനായതെന്ന് ഇൻസ്പെക്ടർ പി ആർ സന്തോഷ് പറഞ്ഞു.

കൈപ്പടമുകളില്‍ വീട് വാടകയ്ക്കെടുത്തായിരുന്നു പാലക്കാട് മണ്ണാര്‍ക്കാട് ഒതുക്കുംപുറത്ത് ജുനൈസ് കോഴിയിറച്ചി വിൽപ്പന കേന്ദ്രം നടത്തിയിരുന്നത്. ഇവിടെ നിന്ന് 500 കിലോയിലേറെ അഴുകിയ കോഴിയിറച്ചിയാണ് കളമശേരി നഗരസഭ ആരോഗ്യ വിഭാഗം ഈ മാസം 12ന് പിടികൂടിയത്.