മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ കനാലിലെറിഞ്ഞ് കൊന്നു; മാതാപിതാക്കൾ അറസ്റ്റിൽ

Tuesday 24 January 2023 11:54 AM IST

ജയ്‌പൂർ: മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ കനാലിലെറിഞ്ഞ് കൊന്ന മാതാപിതാക്കൾ അറസ്റ്റിൽ.

കൻവർലാൽ, ഭാര്യ ഗീതാ ദേവി എന്നിവരാണ് അറസ്റ്റിലായത്. രാജസ്ഥാനിലെ ബിക്കാനീറിലാണ് സംഭവം. സാമ്പത്തിക പ്രശ്‌നങ്ങളാണ് അരുംകൊലയ്ക്ക് കാരണമെന്ന് പൊലീസ് അറിയിച്ചു.

ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. ബൈക്കിൽ വന്ന ദമ്പതികൾ കുഞ്ഞിനെ കനാലിലേക്ക് വലിച്ചെറിയുകയായിരുന്നു. നാട്ടുകാർ കണ്ടതോടെ ഇവർ ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് ദൃക്‌സാക്ഷികൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

സംഭവം നടന്നതിന്റെ ഇരുപത് കിലോമീറ്റർ അകലെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കോളയാട് തഹസിൽ ദിയാത്ര ഗ്രാമത്തിൽ നിന്ന് പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ദമ്പതികൾക്ക് മൂന്ന് മാസം പ്രായമുള്ള കുഞ്ഞടക്കം മൂന്ന് മക്കളാണ് ഉള്ളതെന്ന് പൊലീസ് അറിയിച്ചു.