ഗർഭനിരോധന ഉറകളിലാക്കി മലദ്വാരത്തിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ചത് 38 ലക്ഷത്തിന്റെ സ്വർണം; നെടുമ്പാശേരിയിൽ വൻ സ്വർണവേട്ട
കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 38 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. ഗർഭനിരോധന ഉറകളിലൊളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ദുബായിൽ നിന്നെത്തിയ പാലക്കാട് സ്വദേശി മുഹമ്മദിൽ നിന്നാണ് കസ്റ്റംസ് സ്വർണം പിടികൂടിയത്. മൂന്ന് ഗർഭനിരോധന ഉറകളിലായി പേസ്റ്റ് രൂപത്തിലാക്കിയ 833 ഗ്രാം സ്വർണമാണ് ഇയാൾ മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്.
അതേസമയം, കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിലും കസ്റ്റംസ് ഇന്ന് സ്വർണം പിടികൂടി. അഞ്ചുകേസുകളിൽ നിന്നായി മൂന്ന് കോടി രൂപയുടെ സ്വർണമാണ് പിടികൂടിയത്. അമ്പത്തിയഞ്ച് ലക്ഷം രൂപയുടെ സ്വർണം കമ്പ്യൂട്ടർ പ്രിന്ററിൽ ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്. കേസിൽ മലപ്പുറം സ്വദേശി അബ്ദുൾ ആശിഖിനെ അറസ്റ്റ് ചെയ്തു. തൊണ്ണൂറായിരം രൂപ പ്രതിഫലം നൽകാമെന്ന് പറഞ്ഞാണ് സ്വർണക്കടത്ത് സംഘം തന്നെ സമീപിച്ചതെന്ന് ആശിഖ് കസ്റ്റംസിനോട് പറഞ്ഞു. വിമാനത്തിന്റെ ശുചിമുറിയിൽ ഉപേക്ഷിച്ച നിലയിലും സ്വർണം കണ്ടെത്തി. വേസ്റ്റ്ബിന്നിലാണ് സ്വർണ മിശ്രിതം കണ്ടെത്തിയത്. ശരീരത്തിൽ ഒളിപ്പിച്ച് സ്വർണം കടത്തിയ തവനൂർ സ്വദേശി അബ്ദുൾ നിഷാർ, കൊടുവള്ളി സ്വദേശി സുബൈർ, എന്നിവരെയും കസ്റ്റംസ് പിടികൂടി