ബംഗളൂരുവിൽ പണം നിറച്ച ബാഗുമായി ഫ്‌ളൈഓവറിൽ കയറിയയാൾ താഴേക്ക് നോട്ടുകൾ പറത്തിവിട്ടു, നാട്ടുകാർ  തിരക്ക് കൂട്ടിയതോടെ ഗതാഗതം സ്തംഭിച്ചു

Tuesday 24 January 2023 3:58 PM IST

ബംഗളൂരു : ബംഗളൂരുവിലെ തിരക്കേറിയ കെ ആർ മാർക്കറ്റ് മേൽപ്പാലത്തിന് മുകളിൽ നിന്നും അജ്ഞാതനായ വ്യക്തി നോട്ടുകൾ പറത്തിവിട്ടു. സ്‌കൂട്ടറിൽ എത്തിയ ഇയാൾ ഫ്‌ളൈഓവറിന്റെ ഇരുവശത്തുമുള്ള റോഡിലേക്കാണ് പത്ത് രൂപയുടെ നോട്ടുകൾ പറത്തിവിട്ടത്. സ്യൂട്ട് ധരിച്ച് സ്‌കൂട്ടറിൽ എത്തിയ ആളാണ് നോട്ടുകൾ പറത്തി വിട്ടത്. പണം ശേഖരിക്കാനായി ആളുകൾ റോഡിൽ തിരക്ക് കൂട്ടിയതോടെ നഗരത്തിൽ ഗതാഗതം സ്തംഭിച്ചു.

നോട്ടുകൾ പറത്തിയ വ്യക്തി ഫ്‌ളൈഓവറിൽ നിന്നും പണം വലിച്ചെറിഞ്ഞ ശേഷം തിരികെ സ്‌കൂട്ടറിൽ യാത്ര ചെയ്യുകയും ചെയ്തു. കാറ്റിൽ തിരികെ ഫ്‌ളൈഓവറിലേക്ക് വീണ പണം ഇയാൾ വീണ്ടും താഴേക്ക് ഇട്ടുകൊടുത്തു. എന്നാൽ പണം വിതരണം ചെയ്ത ആളെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. ജീവിതത്തിൽ അസന്തുഷ്ടനായതിനാലാണ് ഇയാൾ പണം വലിച്ചെറിയാൻ തീരുമാനിച്ചതെന്ന് ചില പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.