പട്ടികജാതിക്കാർക്ക് തൊഴിലവസരങ്ങൾ; സമന്വയ പദ്ധതിയിൽ 4 പഞ്ചായത്തുകൾ

Wednesday 25 January 2023 12:53 AM IST

തൃശൂർ: പട്ടികജാതി - വർഗ ഉദ്യോഗാർത്ഥികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഒരുക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായി സർക്കാർ ആവിഷ്‌കരിച്ച സമന്വയ പദ്ധതി ജില്ലയിൽ നാല് പഞ്ചായത്തുകളിൽ നടപ്പാക്കും. ജില്ലയിൽ അതിരപ്പിള്ളി, പാണഞ്ചേരി, പുത്തൂർ, മറ്റത്തൂർ ഗ്രാമപഞ്ചായത്തുകളിലാണ് ഈ വർഷം സേവനം ലഭ്യമാക്കുന്നത്. പദ്ധതിയുടെ ഭാഗമായി അതിരപ്പിള്ളി പഞ്ചായത്തിൽ നടന്ന എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ ക്യാമ്പിലും ബോധവത്കരണ സെമിനാറിലുമായി 75 പേരും പാണഞ്ചേരി ഗ്രാമപഞ്ചായത്തിൽ 114 പേരും പങ്കെടുത്തു. ക്യാമ്പിൽ മറ്റ് വിഭാഗങ്ങൾക്കും അവസരം ഒരുക്കിയിരുന്നു.

പട്ടികജാതി - വർഗ വിഭാഗ കുടുംബങ്ങളിലെ ഒരാൾക്ക് തൊഴിൽ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സമന്വയ പദ്ധതി നടപ്പിലാക്കുന്നത്. തൊഴിൽരഹിതരുടെ പേര് ചേർക്കൽ, പുതുക്കൽ, വിദ്യാഭ്യാസ യോഗ്യത ചേർക്കൽ തുടങ്ങിയ സേവനങ്ങളാണ് പദ്ധതിയിലുടെ ഉദ്യോഗാർത്ഥികൾക്ക് ലഭിക്കുന്നത്. ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.

സമന്വയ ഉദ്യോഗാർത്ഥികൾക്ക് എംപ്ലോയ്‌മെന്റ് വകുപ്പിന്റെ സേവനം കാലതാമസമില്ലാതെ ലഭ്യമാക്കുകയാണ് ലക്ഷ്യം. ക്യാമ്പുകൾ, ബോധവൽക്കരണ സെമിനാറുകൾ എന്നിവ സംഘടിപ്പിച്ചാണ് എംപ്ലോയ്‌മെന്റ് സേവനങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നത്.