വിടവാങ്ങിയത് 'കെ. ത്രയങ്ങളി'ലെ ഒടുവിലത്തെ കണ്ണി

Wednesday 25 January 2023 12:06 AM IST
കെ. പൊന്ന്യം

തലശ്ശേരി: മലയാള സാഹിത്യത്തിലെ ശ്രദ്ധേയരായ കെ. ത്രയങ്ങളിലെ 'ഒടുവിലത്തെ പ്രതിഭയാണ് ഇന്നലെ അരങ്ങൊഴിഞ്ഞത്. കെ. തായാട്ട്, കെ.പാനൂർ, എന്നിവർക്ക് പിറകെ കെ. പൊന്ന്യവും ഇന്നലെ വിടചൊല്ലിയപ്പോൾ, അത് ഒരു യുഗത്തിന്റെ അന്ത്യം കൂടിയായിരുന്നു. കതിരൂർ ഗവൺമെന്റ് ഹൈസ്‌കൂളിലെ സമകാലികരായ മൂവരും ബ്രിട്ടിഷ് വിരുദ്ധ പോരാട്ടത്തിന്റെ തീച്ചൂളയിലേക്ക് ഒരേ സമയം എടുത്ത് ചാടിയവരായിരുന്നു. സർഗ്ഗമേഖലയിൽ സമ്പന്നതയോടെ വിഹരിക്കാനായ ഈ മൂന്ന് പേരും മലയാള സാഹിത്യത്തിൽ അതുല്യമായ സംഭാവനകളും നൽകി.
എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയായിരിക്കെ, ഒരുനാൾ മലയാളം അദ്ധ്യാപകനും കവിയുമായ വി.വി.കെ, ക്ലാസ്സിൽ വെച്ച് ഒരുപ്രമുഖ വാരികയിലെ കവിത വായിച്ച് ഇങ്ങിനെ പറഞ്ഞു.'ഈ കവിതയെഴുതിയ ആൾ നിങ്ങളുടെ കൂട്ടത്തിലുണ്ട്.' മറുപടിയില്ലാതെ വന്നപ്പോൾ മാഷ് തന്നെ പറഞ്ഞു, 'അത് മറ്റാരുമല്ല കരുണാകരനാണ്.

തന്നെ പെറ്റു വളർത്തിയ സമൂഹത്തിൽ നടമാടുന്ന ഏത് അനീതിക്കുമെതിരെ മുഖം നോക്കാതെ, ഒരു സന്ധിയുമില്ലാതെ ജീവിതാന്ത്യം വരെ പോരടിയ തൂലികക്കുടമയായിരുന്നു കെ. പൊന്ന്യം. അന്ധവിശ്വാസങ്ങൾക്കും, അനാചാരങ്ങൾക്കുമെതിരെ കണ്ണടയും വരെ അദ്ദേഹം നിലകൊണ്ടു. അദ്ദേഹത്തിന്റെ സൃഷ്ടികളുടെ തലവാചകങ്ങൾ തന്നെ ഏതൊരു വായനക്കാരനെയും തന്നിലേക്ക് ആകർഷിക്കും വിധമായിരുന്നു. 'ആരോ അടുത്തുണ്ട്. 'ആളെ കൊല്ലാനുണ്ട്, 'എന്തിനാണ്? ''പിന്നെ.... 'അവിശ്വാസി ' 'റീത്ത് ' 'രണ്ട് വരി രണ്ട് ശബ്ദം ' ഇല്ല സാർ' അങ്ങിനെ പോകുന്നു ശീർഷകങ്ങൾ ..
കാപട്യത്തിന്റെ ഇരുൾ മുടിയലോകത്ത് ആദ്ധ്യാത്മികതയുടെ ചെറിയ തിരിവെട്ടം കൊണ്ട് എന്ത് ചെയ്യാനാവുമെന്ന ചോദ്യമാണ് പല രചനകളിലും അദ്ദേഹം ഇതിവൃത്തമാക്കിയത്.
ഏറെക്കാലം തീവണ്ടികൾക്ക് കടന്നു പോകാൻ പച്ചക്കൊടി കാട്ടിയിരുന്ന ഈ റെയിൽവെ ഉദ്യോഗസ്ഥൻ, പറഞ്ഞുവിട്ട തീവണ്ടികൾക്ക് സുഗമമായി കടന്നു പോകാൻ ഒരറ്റത്ത് വൈശാഖൻ എന്ന കഥാകൃത്ത് പച്ചക്കൊടിയുമായി കാത്തു നിന്ന ഒരു കാലമുണ്ടായിരുന്നു. പരസ്പരം കാണാതെ, പിന്നീടും കഥകളുടെ വഴികളിൽ മാത്രം കണ്ടവരായിരുന്നു ഏറെക്കാലം ഇരുവരും.

Advertisement
Advertisement