ഡോക്യുമെന്ററി പ്രദർശനം തടയാൻ ജെഎൻയുവിൽ വൈദ്യുതി വിച്ഛേദിച്ചു; പിന്മാറാതെ കൂട്ടമായിരുന്ന് മൊബൈലിൽ കണ്ട് വിദ്യാർത്ഥികൾ, സംഘർഷം

Tuesday 24 January 2023 10:38 PM IST

ന്യൂഡൽഹി: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട വിവാദ ബിബിസി ഡോക്യുമെന്ററിയുടെ പ്രദർശനം നടക്കുന്നതിന് മുന്നോടിയായി ജെഎൻയു ക്യാപസിലെ വൈദ്യുതിബന്ധം തടഞ്ഞു. ഗുജറാത്ത് വംശഹത്യയെക്കുറിച്ച് പരാമർശിക്കുന്ന ബിബിസിയുടെ ഇന്ത്യ, ദി മോദി ക്വസ്റ്റ്യൻ എന്ന ഡോക്യുമെന്ററിയുടെ പ്രദർശനം ഇന്ന് രാത്രി ഒമ്പത് മണിക്ക് നടത്താനാണ് വിദ്യാ‌ർത്ഥി യൂണിയൻ മുൻ നിശ്ചയിച്ചിരുന്നത്. എന്നാൽ പ്രദർശനം ആരംഭിക്കുന്നതിന് മുൻപ് തന്നെ ഹോസ്റ്റലിലെ അടക്കം വൈദ്യുതി വിച്ഛേദിക്കുകയായിരുന്നു.

വൈദ്യുതിബന്ധം തടഞ്ഞതോടെ വിദ്യാ‌ർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തി. ഡോക്യുമെന്ററി പ്രദർശനത്തിൽ നിന്ന് പിന്നോട്ടില്ല എന്ന് പ്രഖ്യാപിച്ച വിദ്യാർത്ഥികൾ ലാപ്ടോപ്പുകളിലും മൊബൈൽഫോണുകളിലുമായി ഡോക്യുമെന്ററി ഒന്നിച്ചിരുന്നു കാണുകയാണ്. ഇതിനിടയിൽ വിദ്യാർത്ഥികൾക്ക് നേരെ കല്ലേറുണ്ടായി. എബിവിപി പ്രവർത്തകരാണ് കല്ലേറിന് പിന്നിലെന്നാണ് എസ്എഫ്ഐയുടെ ആരോപണം. ക്യാംപസിലെ ഇന്റർനെറ്റ് സേവനവും ഭാഗികമായി വിച്ഛേദിച്ചതായാണ് വിവരം.

വിദ്യാർത്ഥി യൂണിയന്റെ നേതൃത്വത്തിൽ വിവാദ ഡോക്യമെന്ററി പ്രദർശനം നടത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ ജെഎൻയു അധികൃതർ വിയോജിപ്പുമായി രംഗത്തെത്തിയിരുന്നു. ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നതിനതിരെ മുന്നറിയിപ്പ് നോട്ടീസ് നൽകുകയും എതിരായി പ്രവർത്തിച്ചാൽ കനത്ത നടപടികൾ നേരിടേണ്ടി വരുമെന്നും അറിയിപ്പ് നൽകിയിരുന്നു. ഡോക്യുമെന്ററി പ്രദർശിപ്പിച്ചാൽ ക്യാംപസിലെ വിദ്യാർത്ഥിക്കിടയിലെ ഐക്യവും സമാധാനാന്തരീക്ഷവും നഷ്ടമാകുമെന്നായിരുന്നു അധികൃതരുടെ വാദം. നിലവിൽ ഡോക്യുമെന്ററി പ്രദർശനം നടത്തുന്ന കമ്മ്യൂണിറ്റി സെന്ററിൽ മഫ്തിയിൽ പൊലീസ് ഉദ്യോഗസ്ഥരെയും സർവകലാശാല സെക്യൂരിറ്റിയെയും വിന്യസിച്ചിട്ടുണ്ട്.