പൂജപ്പുരയെ യുദ്ധക്കളമാക്കി ഡോക്യുമെന്ററി പ്രദർശനം

Wednesday 25 January 2023 12:42 AM IST

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിക്കുന്ന ബി.ബി.സിയുടെ ഡോക്യുമെന്ററി പൂജപ്പുരയിൽ ഡി.വൈ.എഫ്.ഐ പ്രദർശിപ്പിച്ചതിനെതിരെ ബി.ജെ.പി നടത്തിയ മാർച്ച് അക്രമാസക്തമായി. പൊലീസ് കാവലിലായിരുന്നു ഡോക്യുമെന്ററി പ്രദർശനം. പൊലീസും പ്രവർത്തകരും തമ്മിൽ ഒരു മണിക്കൂറോളം ഏറ്റുമുട്ടി. ആറ് തവണ ബി.ജെ.പി പ്രവർത്തകർക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സംഘർഷത്തെത്തുടർന്ന് പൂജപ്പുര-തിരുമല റോഡ് ഒന്നര മണിക്കൂറോളം അടച്ചിട്ടു. കേന്ദ്രസർക്കാരിനെതിരെയുള്ള സി.പി.എമ്മിന്റെ രാഷ്ട്രീയ വിശദീകരണ യോഗത്തിന് ശേഷമായിരുന്നു ഡോക്യുമെന്ററി പ്രദർശനം ആരംഭിച്ചത്. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനാവൂർ നാഗപ്പൻ പ്രദർശനം ഉദ്ഘാടനം ചെയ്തു. ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് പൊലീസ് തങ്ങളെ അറിയിച്ചിരുന്നതായി ബി.ജെ.പി പ്രവർത്തകർ ആരോപിച്ചു.എന്നാൽ ഡോക്യുമെന്ററി പ്രദർശനം ആരംഭിച്ചതോടെ ബി.ജെ.പി പ്രവർത്തകർ പ്രദർശനം നടക്കുന്ന സ്ഥലത്തേക്ക് നടത്തിയ മാർച്ചിനെ ബാരിക്കോഡ് കെട്ടി പൊലീസ് തടഞ്ഞു. ബാരിക്കോഡ് മറികടക്കാൻ ശ്രമിക്കവെയായിരുന്നു ജലപീരങ്കി പ്രയോഗം.

മഹിളാമോർച്ച നേമം നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ശ്രീലതാ സുരേഷിന് പരിക്കേറ്റു. ആംബുലൻസ് ഇല്ലെന്ന കാരണം പറഞ്ഞ് നിലത്ത് കിടന്ന ശ്രീലതാ സുരേഷിനെ ആശുപത്രിയിലേക്ക് മാറ്റാൻ പൊലീസ് തയ്യാറാകാത്തതും സംഘർഷത്തിന് വഴിയൊരുക്കി. ഇത് ചോദ്യം ചെയ്ത പ്രവർത്തകർക്കു നേരെയും ജലപീരങ്കി പ്രയോഗിച്ചു. സംഘർഷത്തിനൊടുവിൽ പ്രവർത്തകരെ ബലംപ്രയോഗിച്ച് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് നേതൃത്വം നൽകിയ മാർച്ചിൽ ജില്ലാ ജനറൽ സെക്രട്ടറിമാരായ വെങ്ങനൂർ സതീഷ്,വി.ജി. ഗിരികുമാർ, കൗൺസിലർ തിരുമല അനിൽ, പോങ്ങുംമൂട് വിക്രമൻ,നിഷാന്ത് സുഗുണൻ,ജയരാജീവ്, വീഷ്‌ണു, തിരുമല മഞ്ജു, കുര്യാത്തി ബീന, ബീന ആർ.സി, കോളിയൂർ രാജേഷ്,കരുമം രാജേഷ്, ആർ.എസ്.രാജീവ്,മുളയറ രതീഷ്,ജയചന്ദ്രൻ എന്നിവർ പങ്കെടുത്തു.


പിണറായി തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നു: വി.വി.രാജേഷ്


ഡി.വൈ.എഫ്‌.ഐക്കാർക്ക് ബി.ബി.സിയുടെ ഡോക്യുമെന്ററി പ്രദർശനത്തിന് അനുമതി നൽകിയതിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ തീക്കൊള്ളി കൊണ്ട് തല ചൊറിയുകയാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് പറഞ്ഞു. തീവ്രവാദികളുടെ വോട്ടിന് വേണ്ടിയാണ് മുഖ്യമന്ത്രി അനുമതിയോടെ പ്രദർശനം നടക്കുന്നത്. ജലപീരങ്കിയും പൊലീസ് കാവലും ഇല്ലാതെ ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ സാധിക്കുമോയെന്നും രാജേഷ് ചോദിച്ചു.

മാനവീയം വീഥിയിലും സംഘർഷം

തിരുവനന്തപുരം: ബി.ബി.സി തയ്യാറാക്കിയ ഡോക്യുമെന്ററിയുടെ പ്രദർശനം യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നലെ വൈകിട്ടോടെ മാനവീയം വീഥിയിലും സംഘടിപ്പിച്ചു. പ്രദർശനം നടക്കുമ്പോൾ യുവമോർച്ച പ്രവർത്തകർ തടയാനെത്തിയത് സംഘർഷത്തിന് വഴിയൊരുക്കി.ഇരുകൂട്ടരും പരസ്‌പരം മുദ്രാവാക്യം വിളിച്ച് പ്രദേശത്ത് നിലയുറപ്പിച്ചു.തുടർന്ന് യുവമോർച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കി.പ്രദർശനത്തിൽ എം.വിൻസെന്റ് എം.എൽ.എ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുധീർഷാ പാലോട്, സംസ്ഥാന ഭാരവാഹികളായ ഷജീർ നേമം, ബി.എസ്.അനൂപ്,അരുൺ എസ്.പി ,ശരത് എ.ജി,ചിത്രദാസ്,വീണ. എസ്.നായർ തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement