ടാഗോർ സാംസ്‌കാരിക മുഖമെന്ന ലേബൽ അഴിക്കുന്നു
തിരുവനന്തപുരം: അറ്റകുറ്റപ്പണികൾക്കായി ഫെബ്രുവരി ഒന്നുമുതൽ അടച്ചിടുന്ന ടാഗോർ തിയേറ്റർ മാർച്ചിൽ തുറക്കുന്നത് നഗരത്തിന്റെ സാംസ്‌കാരിക മുഖമെന്ന ലേബൽ അഴിച്ചുവച്ചാകും. സാംസ്‌കാരിക പരിപാടികൾക്ക് മാത്രം നൽകിയിരുന്ന ടാഗോർ ഇനിമുതൽ വിവാഹങ്ങളൊഴികെയുള്ള എല്ലാവിധ പരിപാടികൾക്കും വിട്ടുനൽകും. സർക്കാരിന് വരുമാനം കൂട്ടുന്നതിന്റെ ഭാഗമായാണ് പുതിയ പരിഷ്‌കാരം.
രാഷ്ട്രീയ പാർട്ടികളുടെ പരിപാടികൾക്ക് സർക്കാരിന്റെ പ്രത്യേക അനുമതിയോടെ ടാഗോർ വിട്ടുനൽകാറുണ്ട്. പുതിയ പരിഷ്‌കാരം യാഥാർത്ഥ്യമാകുന്നതോടെ സ്വകാര്യ വ്യക്തികളുടെയും സംഘടനകളുടെയും പരിപാടികൾ ടാഗോറിൽ അരങ്ങേറും. എന്നാൽ, വളപ്പിൽ ഭക്ഷണം പാകം ചെയ്‌ത് വിളമ്പാൻ അനുവാദമുണ്ടാകില്ല. പായ്‌ക്കറ്റ് ഫുഡ് നൽകാം. വേസ്റ്റ് മാനേജ്മെന്റ് ബുക്ക് ചെയ്യുന്നവർ തന്നെ ഏർപ്പെടുത്തണം. ചായയ്‌ക്കും സ്‌നാക്‌സിനും വിലക്കുണ്ടാകില്ല. വിവാഹങ്ങൾ സംബന്ധിച്ച് അനുകൂല നിലപാട് സ്വീകരിക്കാത്തത് ഭക്ഷണം വിളമ്പുന്നതിനും അവശിഷ്ട സംസ്‌കരണത്തിനുമുള്ള സൗകര്യമില്ലാത്തതിനാലാണ്. നിലവിൽ ടാഗോർ വളപ്പിൽ അനുവദിക്കുന്ന വാഹന പാർക്കിംഗ് തുടരും. രാജ്യാന്തര ചലച്ചിത്രമേള ഉൾപ്പെടെ നിരവധി സാംസ്‌കാരിക പരിപാടികൾക്ക് ആതിഥ്യമരുളിയ ടാഗോർ തിയേറ്റർ 2015ൽ കോടികൾ മുടക്കി നവീകരിച്ചിരുന്നു. അന്ന് 3000 ചതുരശ്ര അടി വിസ്തീർണമുള്ള സ്റ്റേജും 905 പേർക്കുള്ള ഇരിപ്പിടവും മെച്ചപ്പെട്ട ഒരു ഡിജിറ്റൽ പ്രൊജക്ഷൻ സിസ്റ്റം,ലൈറ്റ്, ഓഡിയോ സിസ്റ്റം എന്നിവയും സജ്ജമാക്കിയിരുന്നു. കൾച്ചറൽ ഡെവലപ്‌മെന്റ് ഓഫീസറുടെ നേതൃത്വത്തിലുള്ള പി.ആർ.ഡിയുടെ കൾച്ചറൽ ഡെവലപ്‌മെന്റ് ഓഫീസ് വഴിയാണ് തിയേറ്ററിന്റെ പ്രവർത്തനം നിയന്ത്രിക്കുന്നത്. ഇവന്റുകളുടെ ഹോസ്റ്റിംഗ്,ബുക്കിംഗ്,ബന്ധപ്പെട്ട കാര്യങ്ങൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്നത് മാനേജരാണ്.
ആംഫി തിയേറ്ററും വിട്ടുനൽകും
50 പേർക്ക് ഇരിക്കാൻ കഴിയുന്ന ടാഗോർ വളപ്പിലെ മിനി ആംഫി തിയേറ്ററും ഇനി പൊതു പരിപാടികൾക്കായി കുറഞ്ഞ വാടകയിൽ വിട്ടു നൽകും. ആദ്യ നവീകരണത്തിന് ശേഷവും ആംഫി തിയേറ്റർ ആരാലും ശ്രദ്ധിക്കപ്പെടാതെ കിടക്കുകയായിരുന്നു.
അറ്റക്കുറ്റപ്പണികൾ
കെട്ടിടത്തിൽ ചോർച്ച കണ്ടെത്തിയ ഇടങ്ങളിൽ പ്ളാസ്റ്ററിംഗ് നടത്തുക, സ്റ്റേജിന്റെ ഭാഗത്ത് അറ്റകുറ്റപ്പണി തീർക്കുക, കാലഹരണപ്പെട്ട മാറ്റുകൾ ഉൾപ്പെടെയുള്ളവ മാറ്റി സ്ഥാപിക്കുക, പെയിന്റടിച്ച് മോടി കൂട്ടുക, ബാത്ത്റൂമിന്റെ അറ്റകുറ്റപ്പണികളും ലൈറ്റിന്റേതുൾപ്പെടെയുള്ള പുതുക്കിപ്പണിയൽ തുടങ്ങിയവയാണ് നടത്തുക. പി.ഡബ്ളിയു.ഡിക്കാണ് ചുമതല.