റിപ്പബ്ലിക് ദിനാഘോഷം: മന്ത്രി സജി ചെറിയാൻ പതാക ഉയർത്തും

Wednesday 25 January 2023 12:35 AM IST
റിപ്പബ്ലിക് ദിന പരേഡിന്റെ അവസാന ഘട്ട റിഹേഴ്‌സൽ ഡെപ്യൂട്ടി കമാണ്ടന്റ് വി.സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ റിക്രിയേഷൻ ഗ്രൗണ്ടിൽ നടന്നപ്പോൾ

ആലപ്പുഴ : ജില്ലയിൽ 74-ാംമത് റിപ്പബ്ലിക് ദിനാഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. റിക്രിയേഷൻ ഗ്രൗണ്ടിൽ നാളെ രാവിലെ 9ന് മന്ത്രി സജി ചെറിയാൻ ദേശീയപതാക ഉയർത്തും. ജില്ലാ കളക്ടർ വി.ആർ.കൃഷ്ണതേജ, ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ, അഡീഷണൽ എസ്.പി എസ്.ടി.സുരേഷ് കുമാർ, ഡെപ്യൂട്ടി കമാണ്ടന്റ് വി.സുരേഷ് ബാബു തുടങ്ങിയവർ പങ്കെടുക്കും. മന്ത്രി സജി ചെറിയാൻ പരേഡിന്റെ അഭിവാദ്യം സ്വീകരിക്കും. ദേശീയപതാക ഉയർത്തിയ ശേഷം മന്ത്രി റിപ്പബ്ലിക് ദിന സന്ദേശം നൽകും. ജില്ല ആംഡ് റിസർവ് പൊലീസ്, ലോക്കൽ പൊലീസ്, വനിത പൊലീസ്, എക്‌സൈസ് വിഭാഗം, എസ്.പി.സി, എൻ.സി.സി, സ്‌കൗട്ട്, റെഡ് ക്രോസ്, ബുൾബുൾ, കബ്‌സ് തുടങ്ങിയ വിഭാങ്ങളിലെ 14 പ്ലാട്ടൂണുകളും 4 ബാന്റ് സംഘങ്ങളും ഉൾപ്പെടെ 18 പ്ലാട്ടൂനുകളാണ് പരേഡിൽ അണിനിരക്കുന്നത്. ചേർത്തല പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ വിനോദ് കുമാർ ആണ് പരേഡ് കമാൻഡർ. മികച്ച പ്ലാട്ടൂനും, ബാന്റിനുമുള്ള സമ്മാനങ്ങൾ ചടങ്ങിൽ നൽകും. ഡെപ്യൂട്ടി കമാണ്ടന്റ് വി.സുരേഷ് ബാബുവിന്റെ മേൽനോട്ടത്തിൽ നടത്തിയ അവസാന ഘട്ട പരേഡ് റിഹേഴ്‌സൽ ജില്ലാ പൊലീസ് മേധാവി പരിശോധിച്ചു.

Advertisement
Advertisement