സുപ്രീം കോടതി വിധികൾ നാല് ഭാഷകളിൽ ലഭ്യമാക്കും:ചീഫ് ജസ്റ്റിസ്
ന്യൂഡൽഹി: സുപ്രീം കോടതി വിധികൾ ഇനി ഹിന്ദി, ഗുജറാത്തി, ഒഡിയ, തമിഴ് എന്നീ നാല് ഭാഷകളിലേക്ക് വിവർത്തനം ചെയ്യുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞു. നിയമപരമായ നിലയിലുള്ള ഇംഗ്ലീഷ് ഭാഷ 99.9 ശതമാനം പൗരന്മാർക്കും മനസ്സിലാകുന്നില്ല. പൗരന്മാർക്ക് അവർ സംസാരിക്കുന്ന ഒരു ഭാഷയിൽ മനസ്സിലാക്കാൻ കഴിഞ്ഞില്ലെങ്കിൽ നീതിയിലേക്കുള്ള പ്രവേശനം അർത്ഥപൂർണ്ണമാകില്ല. ഞങ്ങൾ അടുത്തിടെ സ്വീകരിച്ച പ്രധാനപ്പെട്ട ഒരു സംരഭം സുപ്രീം കോടതി വിധികൾ പ്രാദേശിക ഭാഷകളിലേക്ക് വിവർത്തനം ചെയ്യുകയെന്നതാണ്. നാല് ഭാഷകളിലേക്കുള്ള വിവർത്തനം ഒരു തുടക്കമാണ്. ജസ്റ്റിസ് അഭയ് എസ് ഓക അദ്ധ്യക്ഷനായ സമിതിക്കാണ് ഇതിന്റെ ചുമതല. ഹൈക്കോടതിയിലും രണ്ട് ജഡ്ജിമാരുടെ ഒരു കമ്മിറ്റിക്ക് ഇതിനായി രൂപം നൽകും. അവരിൽ ഒരാൾ ജില്ലാ ജുഡീഷ്യറിയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടയാളായിരിക്കും. അവരിൽ ഭൂരിഭാഗവും പ്രാദേശിക ഭാഷയിൽ വിധിന്യായങ്ങൾ എഴുതിയവരാണ്. അദ്ദേഹം വ്യക്തമാക്കി. സുപ്രീം കോടതി ഇതിനായി ഒരു സോഫ്റ്റ്വെയർ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഡൽഹി ഹൈക്കോടതിയുടെ ഇ-ഇൻസ്പെക്ഷൻ ഓഫ് ഡിജിറ്റൈസ്‌ഡ് ജുഡീഷ്യൽ ഫയലുകളുടെ സോഫ്റ്റ്വെയർ പുറത്തിറക്കുന്നതിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.