വരുന്നൂ ഭാരോസ്: സ്‌മാർട്ട്ഫോണുകൾക്കായി ഇന്ത്യൻ ഓ എസ്

Wednesday 25 January 2023 1:49 AM IST

ന്യൂഡൽഹി: ഗൂഗിളിന്റെ ആൻഡ്രോയിഡ്, ആപ്പിളിന്റെ ഐ.ഒ.എസ് പോലെ സ്മാർട്ട്‌ഫോണുകളിൽ ഉപയോഗിക്കാൻ ഇന്ത്യയിൽ ഐ.ഐ.ടി മദ്രാസിന്റെ നേതൃത്വത്തിൽ വികസിപ്പിച്ചെടുത്ത തദ്ദേശീയ ഓപ്പറേറ്റിംഗ് സിസ്റ്റമായ 'ഭാരോസി'(BharOS)ന്റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി.

ഭാരോസിന്റെ പ്രത്യേകതകൾ:

 സ്വകാര്യതയിലും സുരക്ഷയിലും ശ്രദ്ധ.

സർക്കാർ, പൊതു സംവിധാനങ്ങളിൽ ഉപയോഗിക്കുന്നതിനുള്ള സ്വതന്ത്ര ഓപ്പൺ സോഴ്‌സ് ഓപ്പറേറ്റിംഗ് സിസ്റ്റമായി വികസിപ്പിച്ചത്.

 ഒറ്റ നോട്ടത്തിൽ ആൻഡ്രോയിഡ് ഒ.എസിനു സമാനം. ആൻഡ്രോയിഡ് പോലെ പ്രീ ഇൻസ്റ്റാൾഡ് ആപ്പുകൾ (ഡിഫോൾട്ട് ആപ്പുകൾ) ഉണ്ടാകില്ല. ഗൂപ്പിൾ ആപ്പുകൾ ആവശ്യമെങ്കിൽ ഇൻസ്റ്റാൾ ചെയ്യാം. ഗൂഗിൾ പ്ളേ സ്‌റ്റോർ സേവനങ്ങൾ ആവശ്യമുള്ള ആപ്പുകൾ തുടക്കത്തിൽ പ്രവർത്തിച്ചേക്കില്ല.

 അധികം ബാട്ടറി ഉപയോഗിക്കില്ല.

 സ്‌മാർട്ട്‌ഫോണുകളിൽ വിദേശ ഒാഎസുകളെ ആശ്രയിക്കുന്നത് കുറയ്ക്കാനും തദ്ദേശീയ സാങ്കേതികവിദ്യയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്നു.

സ്വകാര്യതയും സുരക്ഷയും കർശനമായി പാലിക്കേണ്ടതും രഹസ്യാത്മക ആശയവിനിമയങ്ങൾ ആവശ്യമുള്ളതുമായ രഹസ്യാന്വേഷണ ഏജൻസികൾ അടക്കം തന്ത്രപ്രധാനമായ വിവരങ്ങൾ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങൾക്ക് പ്രയോജനകരം.

 ആദ്യം തിരഞ്ഞെടുത്ത ഫോണുകളിൽ മാത്രം(എല്ലാ ഫോണുകളിലും ഉപയോഗിക്കാൻ കഴിയും വിധമുള്ള മാറ്റങ്ങൾ പിന്നാലെ).

 അപരിചിതമായതും വിശ്വാസ്യയോഗ്യമല്ലാത്തതുമായ ആപ്പുകളെ നിയന്ത്രിക്കുന്നു. ആപ്പുകൾ സുരക്ഷിതമെങ്കിൽ മാത്രമെ മൊബൈൽ ഫോണുമായി ബന്ധം സ്ഥാപിക്കാൻ കഴിയൂ.

ഫോണുകളെ സുരക്ഷിതമായി നിലനിർത്താൻ നേറ്റീവ് ഓവർ ദി എയർ (നോട്ട) അപ്‌ഡേറ്റുകൾ. നോട്ട അപ്‌ഡേറ്റുകൾ സ്വയം ഡൗൺലോഡ് ആയി ഉപകരണത്തിൽ ഇൻസ്റ്റാൾ ആകുന്നു. സുരക്ഷാ ഭീഷണികൾക്കെതിരെ സദാ ജാഗ്രത.

 ഐഐടി മദ്രാസിനു കീഴിലുള്ള ലാഭരഹിത കമ്പനിയായ ഐ.ഐ.ടി മദ്രാസ് പ്രവർത്തക് ടെക്നോളജീസ് ഫൗണ്ടേഷനും ജാൻഡ്‌കെ ഓപ്പറേഷൻസ് പ്രൈവറ്റ് ലിമിറ്റഡും (ജാൻഡ്‌കോപ്‌സ്) സംയുക്തമായി വികസിപ്പിച്ചത്.

 കേന്ദ്ര ശാസ്‌ത്ര സാങ്കേതിക വകുപ്പിന് കീഴിലെ നാഷണൽ മിഷൻ ഓൺ ഇന്റർഡിസിപ്ലിനറി സൈബർ-ഫിസിക്കൽ സിസ്റ്റംസ് വഴി ധനസഹായം.

 തദ്ദേശീയമായി വികസിപ്പിച്ച മൊബൈൽ ഒാപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്ന ചുരുക്കം രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയും.

 നിലവിലുള്ള ഓ.എസുകൾക്ക് ബദലായി പ്രവർത്തിക്കുമോ, അപ്ഡേറ്റുകൾ എപ്പഴൊക്കെ തുടങ്ങിയ വിവരങ്ങൾ നിർമ്മാതാക്കൾ പുറത്തുവിട്ടിട്ടില്ല.

ധർമ്മേന്ദ്ര പ്രധാൻ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി:

എട്ട് വർഷം മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിജിറ്റൽ ഇന്ത്യയെക്കുറിച്ച് ആദ്യമായി സംസാരിച്ചപ്പോൾ പരിഹസിച്ചവർക്കുള്ള മറുപടി. ഇന്ന്, സാങ്കേതിക വിദഗ്ധർ, വ്യവസായങ്ങൾ, നയരൂപകർത്താക്കൾ, അക്കാഡമിക് സ്ഥാപനങ്ങൾ തുടങ്ങിയവ അദ്ദേഹത്തിന്റെ കാഴ്ചപ്പാട് അംഗീകരിച്ചു.